റിക്വസ്റ്റ് ഒന്നും ഇനി നടക്കില്ല; ആ സംവിധാനവും ഒക്ടോബർ ഒന്ന് മുതൽ യുപിഐ മാറ്റുന്നു

കടം കൊടുത്ത പണം തിരിച്ച് ചോദിയ്ക്കാൻ മടി ഉള്ളവരാണ് പലരും. ചോദിക്കാനുള്ള മടി കാരണം പലർക്കും പണം തിരിച്ച് കിട്ടിയിട്ടുമില്ല. അങ്ങനെ ഉള്ളവർ പതിയെ ആ പണത്തിനായി ട്രൈ ചെയ്യുന്ന വഴിയാണ് യുപിഐ വഴി ഒരു റിക്വസ്റ്റ് അയച്ച് നൈസ് ആയിട്ട് ചോദിക്കുക എന്നത്. എന്നാൽ പരിപാടി ഇനി നടക്കില്ല. 2025 ഒക്ടോബർ 1 മുതൽ, ഇന്ത്യക്കാർ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിക്കുന്ന രീതി മാറും. മണി റിക്വസ്റ്റിങ് ഓപ്ഷൻ യുപിഐയിൽ നിന്ന് ഒഴിവാക്കാനൊരുങ്ങുകയാണ്. വ്യാജ യുപിഐ റിക്വസ്റ്റുകളുപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് എൻപിസിഐ ഇത്തരമൊരു നീക്കം നടത്തുന്നത്. ഒക്ടോബർ രണ്ടുമുതൽ ഒരു പി ടു പി (പേഴ്സൺ ടു പേഴ്സൺ) ഇടപാടുകളും പ്രോസസ് ചെയ്യരുതെന്ന് എൻപിസിഐ ബാങ്കുകൾക്കും ആപ്പുകൾക്കും നൽകിയ ഉത്തരവിൽ പറയുന്നു. ഇതോടെ സ്വകാര്യവ്യക്തികൾ തമ്മിൽ നടത്തുന്ന റിക്വസ്റ്റുകൾ മാത്രമാണ് ഇല്ലാതാവുക. അതേസമയം, ഡെലിവറി ആപ്പുകളും ഓൺലൈൻ വ്യാപാരികളും നൽകുന്ന റിക്വസ്റ്റുകൾക്ക് തടസ്സമുണ്ടാകില്ല. മൊബൈൽ നമ്പർ, യുപിഐ ഐഡി, ബാങ്ക് ഡീറ്റെയിൽസ് എന്നിവയുപയോഗിച്ചുള്ള ഇടപാടുകളിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റുകളുടെ കിരീടമാണ് യുപിഐ, പ്രതിമാസം കോടിക്കണക്കിന് ഇടപാടുകൾ ആണ് ഇതുവഴി നടക്കുന്നത്. വേഗത, ലാളിത്യം, ഇടപാട് ചെലവുകൾ ഒന്നുമില്ല എന്നിങ്ങനെ മൂന്ന് കാര്യങ്ങളിലാണ് ഇതിന്റെ ജനപ്രീതി നിലകൊള്ളുന്നത്. എന്നാൽ ആ ലാളിത്യം തന്നെ ഇതിനെ ദുരുപയോഗത്തിന് ഇരയാക്കിയിരിക്കുന്നു. ഫിഷിംഗ് ടെക്സ്റ്റുകൾ, വ്യാജ OTP അഭ്യർത്ഥനകൾ എന്നിവ മുതൽ ബാങ്ക് ഉദ്യോഗസ്ഥരെ അനുകരിക്കുന്നത് വരെ തട്ടിപ്പുകാർ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. റിക്വസ്റ്റ് കളക്റ്റ് ഫീച്ചർ അവരുടെ ആവനാഴിയിലെ മറ്റൊരു അമ്പ് മാത്രമായിരുന്നു. പ്രശ്നം കൂടുതൽ വളരുന്നതിന് മുമ്പ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇത് നീക്കം ചെയ്യുന്നതെന്ന് NPCI വാദിക്കുന്നു.