അവധിക്കാലം അടിച്ചുപൊളിക്കാം കെ.എസ്.ആർ.ടി.സിക്കൊപ്പം

പയ്യന്നൂർ: അവധിക്കാലം ചുരുങ്ങിയ ചെലവിൽ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ ഒരുങ്ങി. പെരുന്നാൾ, വിഷു, ഈസ്റ്റർ അവധിക്കാലത്ത് നിരവധി പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാർ, -മറയൂർ, – കാന്തല്ലൂർ യാത്ര 28ന് പുറപ്പെട്ട് 31നും ഏപ്രിൽ രണ്ടിന് പുറപ്പെട്ട് അഞ്ചിനും 11ന് പുറപ്പെട്ട് 14നും 25ന് പുറപ്പെട്ട് 28നും തിരിച്ചെത്തുംവിധം നാല് യാത്രകളാണ് മൂന്നാറിലേക്ക് ക്രമീകരിച്ചത്. ഏപ്രിൽ നാല്, 21 എന്നീ രണ്ട് തീയതികളിൽ രണ്ടു യാത്രകളാണ് സംഘടിപ്പിക്കുന്നത്. അടവി, ഗവി, ആങ്ങാമുഴി, പരുന്തുംപാറ, കമ്പം, തേക്കടി വിസിറ്റ്, സ്പൈസസ് ഗാർഡൻ രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. വൈകിട്ട് നാലിന് പുറപ്പെട്ട് നാലാമത്തെ ദിവസം രാവിലെ ഏഴിന് തിരിച്ചെത്തും. ഏപ്രിൽ 5, 29 തീയതികളിലാണ് പാലക്കാട്, – നെല്ലിയാമ്പതി യാത്ര. പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്റ്, നെല്ലിയാമ്പതി, കേശവൻ പാറ, മലമ്പുഴ, കൽപ്പാത്തി എന്നിവയാണ് പ്രധാന സന്ദർശന സ്ഥലങ്ങൾ. ഏപ്രിൽ ഒന്ന്, 28 തീയതികളിലാണ് സൈലന്റ് വാലി യാത്ര. സൈലന്റ് വാലി ട്രക്കിങ്, കാഞ്ഞിരപ്പുഴ ഡാം എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ. രാത്രി ഒമ്പതിന് പുറപ്പെടും. ആഡംബര കപ്പൽ യാത്രയും കൊച്ചി കാഴ്ചകളും കണ്ടുമടങ്ങാനുള്ള അവസരവുമൊരുക്കുന്നുണ്ട്. ഏപ്രിൽ 15ന് രാത്രി 10ന് യാത്ര പുറപ്പെടും. വാഗമൺ – കുമരകം യാത്ര ഏപ്രിൽ 18ന് വൈകിട്ട് ആറിന് പുറപ്പെടും. ആദ്യ ദിനം വാഗമൺ കാഴ്ചകളും രണ്ടാം ദിനം കുമരകം ബോട്ടിങ്ങുമാണ് പ്രധാന ആകർഷണം. കൂടാതെ നിലമ്പൂർ യാത്ര ഏപ്രിൽ ആറിനും 17നും വയനാട് യാത്ര ഏപ്രിൽ 12, കോഴിക്കോട് കടലുണ്ടി യാത്രകൾ ഏപ്രിൽ 13, 20, 27 തീയതികളിലും നടക്കും. ഫോൺ: 8075823384, 9745534123.