അഭിമാനക്കസവുചുറ്റി എവറസ്റ്റിന്റെ നെറുകയിൽ ചുംബിച്ച് വാസന്തി; അടുത്ത യാത്ര ചൈനയിലേക്ക്

തളിപ്പറമ്പ്: ‘സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. ജീവിതം ഒന്നേയുള്ളൂ. അത് നമുക്കുവേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടി ആസ്വദിക്കും.’ തയ്യൽ ജോലിയിൽ നിന്നുള്ള വരുമാനത്തിൽനിന്ന് ഒരുപങ്ക് മാറ്റിവെച്ച് തനിച്ച് എവറസ്റ്റ് കയറി തിരിച്ചെത്തിയ തളിപ്പറമ്പ് തൃച്ചംബരം സ്വദേശിയായ 59-കാരി ചെറുവീട്ടിൽ വാസന്തിയുടെ വാക്കുകളാണിവ. മനോധൈര്യം മുറുകെപ്പിടിച്ച് വാസന്തി എവറസ്റ്റിലേക്ക് ഒറ്റയ്ക്ക് തിരിച്ചത് ഫെബ്രുവരി ഒൻപതിന്. എന്നെങ്കിലും എവറസ്റ്റിൽ എത്തിയാൽ കേരളത്തിന്റെ തനത് കസവുസാരി അണിയണമെന്നായിരുന്നു ആഗ്രഹം. കസവുസാരിയണിഞ്ഞ് കൈയിൽ ഇന്ത്യൻ പതാകയുമായി എവറസ്റ്റിന്റെ ഉയരങ്ങളിലെത്തിയ ചിത്രങ്ങളും വീഡിയോകളും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി.
നാലുമാസം മുൻപേയുള്ള തയ്യാറെടുപ്പ്
യാത്രയ്ക്ക് നാലുമാസം മുൻപേ തുടങ്ങിയതാണ് വാസന്തിയുടെ തയ്യാറെടുപ്പ്. എവറസ്റ്റിലേക്ക് പോയവരുടെ വീഡിയോകൾ യൂട്യൂബ് വഴി കണ്ടു. ശരീരത്തെ യാത്രയ്ക്ക് പാകപ്പെടുത്താൽ ട്രെക്കിങ് ഷൂ ധരിച്ച് രാവിലെ മൂന്നുമണിക്കൂർ നടത്തം ശീലമാക്കി. ബെംഗളൂരുവിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള വിമാനം റദ്ദാക്കിയതിനാൽ യാത്ര തടസ്സപ്പെട്ടു. യാദൃച്ഛികമായി കണ്ട ജർമൻ ദമ്പതിമാർക്കൊപ്പം ടാക്സിയിൽ നേപ്പാളിലെ സുർഖേതിലെത്തി. ഫെബ്രുവരി 15-നാണ് ട്രക്കിങ് തുടങ്ങിയത്. കൃത്യമായ ഇടവേളകളെടുത്തായിരുന്നു യാത്ര.23-ന് ഉച്ചയ്ക്ക് 12-ന് എവറസ്റ്റിന്റെ തെക്കൻ ബേസ് ക്യാമ്പിലെത്തി. മാർച്ച് രണ്ടിനാണ് തിരിച്ചെത്തിയത്.
ഹെലികോപ്റ്റർ യാത്രയെന്ന ആഗ്രഹം
എവറസ്റ്റ് യാത്രയോടൊപ്പമുള്ള മറ്റൊരു ആഗ്രഹമായിരുന്നു ഹെലികോപ്റ്റർ യാത്ര. തിരികെയുള്ള നടത്തം ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഗോരക്ഷപ്പിൽനിന്ന് ലുക്ലുവരെ ഹെലികോപ്റ്ററിൽ വരാൻ തിരുമാനിച്ചു. യാത്രാച്ചെലവ് കേട്ട് ആദ്യം അമ്പരന്നെങ്കിലും ഒരു യുവാവ് തന്റെ സഹപാഠിക്കുവേണ്ടി ഹെലികോപ്റ്റർ ഷെയർചെയ്യുമോ എന്ന് ചോദിച്ചുവന്നു. അതോടെ ആ സ്വപ്നവും സഫലമായി. എവറസ്റ്റിലേക്ക് ഇത് ആദ്യ യാത്രയാണെങ്കിലും വാസന്തിയുടെ ആദ്യ ദീർഘയാത്ര കഴിഞ്ഞവർഷം മേയിൽ തായ്‌ലാൻഡിലേക്കായിരുന്നു.
അടുത്ത യാത്ര ചൈനയിലേക്ക്
യാത്രയോടുള്ള കമ്പം ഒട്ടും കുറയാത്ത വാസന്തിയുടെ അടുത്ത ലക്ഷ്യം ചൈനയാണ്. ചെറിയ പ്രായംമുതലേ കേൾക്കുന്ന ചൈന വൻമതിൽ നേരിട്ടുകാണണം. ആ യാത്രയ്ക്ക് മുന്നോടിയായി ഫോണിലൂടെ ചൈനീസ് പഠിക്കുന്ന തിരക്കിലാണ് വാസന്തി.
യാത്ര തയ്യൽ വരുമാനത്തിലൂടെ
37 വർഷമായി തയ്യൽ ജോലിയാണ്. അതിലൂടെ കിട്ടുന്ന വരുമാനം മിച്ചംവെച്ചാണ് ഓരോ ആഗ്രഹവും നിറവേറ്റുന്നത്. ഈ യാത്രയ്ക്ക് അധികമായി പണം ആവശ്യംവന്നാലോയെന്ന് കരുതി കൈയിലുണ്ടായ സ്വർണമാല മകനെ ഏൽപ്പിച്ചാണ് വന്നത്. ഈ സ്വർണം വിറ്റോ പണയംവെച്ചോ പണം തന്റെ അക്കൗണ്ടിൽ അയക്കണമെന്ന് പറഞ്ഞു. അത് ആവശ്യമായിവന്നു. കൈയിലുള്ള പണം ഹെലിക്കോപ്റ്റർ യാത്രയ്ക്ക് തികയുമായിരുന്നില്ല. മകനോട് പറഞ്ഞപ്പോൾ തന്നെ അവൻ പണം അയച്ചുതന്നു. എവറസ്റ്റിലേക്കുള്ള യാത്രയിൽ ആകെ ചെലവായത് 1.45 ലക്ഷം രൂപയാണ്. അതിൽ ഹെലികോപ്റ്ററിനാണ് അധികപണവും -വാസന്തി പറഞ്ഞു. ഇലക്‌ട്രീഷ്യനായിരുന്ന ഭർത്താവ് ലക്ഷ്മണൻ മൂന്ന് വർഷം മുൻപാണ് മരിച്ചത്. മൂത്ത മകൻ സി.എൽ. വിനീത് മൈസൂരുവിൽ ജോലിചെയ്യുകയാണ്. ഇളയ മകൻ സി.എൽ. വിവേക് സിനിമോട്ടോഗ്രാഫറാണ്.