സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

Share our post

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്.കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും.അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം.ചില വിദ്യാർത്ഥികൾ സ്കൂൾ ടോയ്ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!