താമരശേരി കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്

കോഴിക്കോട്: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ചു വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.കൊലപാതകത്തിന് ഉപയോഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. നിലവിൽ പരിശോധന നടക്കുന്നത് ചുങ്കത്താണ്.വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്താണ് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജി.വി.എച്ച്.എസ്.എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്. ഞായറാഴ്‌ച പരിപാടിയിൽ ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്, പാട്ട് നിലച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.