അമരക്കുനിയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി

വയനാട്: അമരക്കുനിയിൽ ഭീതിപരത്തിയ കടുവ കൂട്ടിലായി. വ്യാഴാഴ്ച രാത്രി 11.40-ഓടെയാണ് തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് നാട്ടിലിറങ്ങിയ കടുവ കൂട്ടിലാകുന്നത്. അവശനിലയിലുള്ള കടുവയെ ഉടൻ തന്നെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്.ഒട്ടേറെപ്പേരുടെ ആടുകളെയാണ് പത്തുദിവസത്തിനകം കടുവ കൊന്നത്.കടുവ ആടുകളെമാത്രം ഇരയാക്കുന്നതിനാൽ, ആടിനെ വളർത്തുന്നവർ അവയെ സുരക്ഷിതമാക്കുന്നതിനായി രാത്രി വീടിനകത്താണ് പാർപ്പിച്ചിരുന്നത്. ഏതുനിമിഷവും അക്രമം പ്രതീക്ഷിച്ചാണ് നാട്ടുകാർ കഴിഞ്ഞത്. രാത്രിസഞ്ചാരിയായ കടുവയെ ഭയന്ന് ഇരുട്ടുവീഴുമ്പോഴേക്കും ആളുകൾ വീടണഞ്ഞിരുന്നു.കടുവാഭീതി നിലനിൽക്കുന്നതിനാൽ പ്രദേശത്തെ സ്കൂളുകൾക്ക് വ്യാഴാഴ്ചയും അവധി നൽകിയിരുന്നു. കടുവയെ പിടികൂടാത്തതിൽ വനംവകുപ്പിനെതിരേ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു.