മുതിര്‍ന്ന പ്രതികള്‍ക്കൊപ്പം കുട്ടികളെ ജയിലിലിടരുത്- ഹൈക്കോടതി

Share our post

കൊച്ചി: പ്രായപൂര്‍ത്തിയായ പ്രതികള്‍ക്കൊപ്പം കേസിലുള്‍പ്പെട്ട കുട്ടികള്‍ ജയിലില്‍ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കുമായി ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇടുക്കി ദേവികുളം കുണ്ടല സാന്റോസ് കോളനിയില്‍ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട കേസില്‍ പ്രതികളായ മാതാപിതാക്കള്‍ക്കൊപ്പം സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്ത, പ്രതികളായ രണ്ട് ആണ്‍മക്കളും 11 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.

ജീവപര്യന്തം ശിക്ഷ ലഭിച്ച ഇവരെ വിട്ടയക്കാന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിച്ചശേഷമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കാര്യം മാതാപിതാക്കള്‍ അറിയിച്ചില്ലെന്നും രേഖകളിലൂടെ ബോധ്യപ്പെടുത്തിയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചത്. മജിസ്‌ട്രേറ്റും സംശയം പ്രകടിപ്പിച്ചില്ല. അതിനാല്‍, നഷ്ടപരിഹാരം നല്‍കേണ്ട ആവശ്യമില്ലെന്നും വാദിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ നിലവില്‍ നിയമമില്ലെന്ന് വിലയിരുത്തിയ കോടതി ഇക്കാര്യത്തില്‍ ഉത്തരവ് സാധ്യമല്ലെന്നും വ്യക്തമാക്കി.

എന്നാല്‍, ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരുന്നകാര്യം പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മാര്‍ഗനിര്‍ദേശങ്ങള്‍

* അറസ്റ്റുചെയ്യുന്നതിനുമുന്‍പ് പോലീസ് ഉദ്യോഗസ്ഥന്‍ സ്‌കൂള്‍, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ആധികാരികരേഖകള്‍ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തണം. ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം

* മജിസ്‌ട്രേറ്റുമുന്‍പാകെ പ്രതിയെ ഹാജരാക്കുംമുന്‍പ് രേഖകള്‍ പരിശോധിക്കാന്‍ സാധിച്ചില്ലെങ്കില്‍ അക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കണം. പ്രതി കുട്ടിയല്ലെന്ന് ബോധ്യമായതിന്റെ കാരണങ്ങളും വ്യക്തമാക്കണം. എത്രയുംവേഗം രേഖ കണ്ടെത്തി മജിസ്‌ട്രേറ്റ് മുന്‍പാകെ എത്തിക്കണം

* പ്രായത്തില്‍ കൃത്യതവരുത്തി അക്കാര്യം മജിസ്‌ട്രേറ്റ് റിമാന്‍ഡ് ഓര്‍ഡറില്‍ രേഖപ്പെടുത്തണം

* ശരീരവലുപ്പവും പ്രായവും തമ്മില്‍ പൊരുത്തക്കേടുതോന്നിയാല്‍ ശിശുസംരക്ഷണനിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം അന്വേഷണം നടത്തി ഉചിതമായ ഉത്തരവിടണം

* പ്രായത്തിന്റെകാര്യത്തില്‍ ബോധ്യംവരാത്ത സാഹചര്യമുണ്ടായാല്‍ അത് ഉറപ്പാക്കാനാകുന്നതുവരെ പ്രതിയെ ജയിലേക്ക് അയക്കാനോ കസ്റ്റഡിയില്‍ വിടാനോ ഉത്തരവിടരുത്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!