മാലിന്യത്തിൽ നിന്ന്‌ ജൈവാമൃതം

Share our post

ഇരിട്ടി:മാലിന്യത്തിൽനിന്ന്‌ ജൈവവളം ഉൽപ്പാദിപ്പിച്ച്‌ വരുമാനത്തിന്റെ പുതിയമാതൃക തുറക്കുകയാണ്‌ ഇരിട്ടി നഗരസഭ. ഇരിട്ടി ടൗണിൽ നിന്ന്‌ ദിവസേന ശേഖരിക്കുന്ന മാലിന്യമാണ്‌ അത്തിത്തട്ട്‌ സംസ്കരണകേന്ദ്രത്തിൽ എത്തിച്ച്‌ ജൈവവളമാക്കി നഗരസഭ മാലിന്യനിർമാർജനത്തിന്റെ പുതു പാഠമെഴുതുന്നത്‌. മാലിന്യം വലിച്ചെറിയാനുള്ളതല്ല അത് വളമായും പണമായും മാറുമെന്ന പദ്ധതിക്കാണ്‌ തുടക്കമായത്‌. ജൈവ മാലിന്യങ്ങൾ സംസ്കരിച്ച്‌ ജൈവവളമാക്കുന്നതിലൂടെ തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതിയാണ്‌ ഇവിടെ നടപ്പാക്കുന്നത്‌.
ജൈവമാലിന്യങ്ങൾ തുമ്പൂർമുഴി, വിൻട്രോ കമ്പോസ്റ്റ് സംവിധാനം വഴിയാണ്‌ സംസ്‌കരിക്കുന്നത്‌. ഹരിതകർമസേന ദിനംപ്രതി ശേഖരിക്കുന്ന ഒന്നര ടൺ ജൈവ മാലിന്യമാണ്‌ വളമാക്കുന്നത്‌.

ടൗണിലെ 55 വ്യാപാര സ്ഥാപനങ്ങളിൽനിന്നാണ് ജൈവ മാലിന്യങ്ങൾ യൂസർ ഫീ വാങ്ങി ശേഖരിക്കുന്നത്. ഇവ ഉണക്കിപ്പൊടിച്ച്‌ ജൈവവളമാക്കുന്നു. ഓരോ ദിവസത്തേയും മാലിന്യം 20 ദിവസത്തിനകം വളമാവുന്ന രീതിയിലാണ്‌ പദ്ധതി പ്രവർത്തനം. മഴക്കാലത്ത്‌ 40 ദിവസംകൊണ്ട്‌ വളം ഉൽപ്പാദിപ്പിക്കാനാവും. ‘ജൈവാമൃതം’ എന്ന പേരിലാണ് നഗരസഭയുടെ ജൈവവളം വിൽപ്പനയാരംഭിച്ചത്‌. 25 കിലോ പാക്കറ്റിന്‌ 100 രൂപയാണ്‌ വില. തുടർന്നുള്ള ദിവസങ്ങളിൽ ഉൽപ്പാദനംകൂട്ടി വളം വിൽപ്പന വ്യാപിപ്പിക്കാനാവുമെന്ന്‌ നഗരസഭാ ക്ലീൻ സിറ്റി മാനേജർ കെ വി രാജീവൻ പറഞ്ഞു. ജൈവവള വിൽപ്പനയും സംസ്കരണ കേന്ദ്രത്തിലെ എം.സി.എഫിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കലും നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്‌ഘാടനംചെയ്തു. വൈസ് ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷനായി. എ.കെ രവീന്ദ്രൻ, കെ.സുരേഷ്, പി രഘു, എൻ കെ ഇന്ദുമതി, ആർ.പി ജയപ്രകാശ് പന്തക്ക, പി. ആർ അശോകൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!