കര്‍ഷകനെ വെറുതെ കൊതിപ്പിച്ച് കൊക്കോ; വില 60 രൂപയിലേക്ക് കൂപ്പുകുത്തി

Share our post

കര്‍ഷകനെ കൊതിപ്പിച്ച് കുതിച്ചുയര്‍ന്ന കൊക്കോവില ഉയര്‍ന്നപോലെത്തന്നെ കൂപ്പുകുത്തി. കൊക്കോ പച്ചബീന്‍സ് കിലോയ്ക്ക് 350-ല്‍നിന്ന് 60-ലേക്കും ആയിരത്തിനുമുകളില്‍ വിലയുണ്ടായിരുന്ന ഉണക്കബീന്‍സ് 300-ലേക്കുമാണ് കൂപ്പുകുത്തിയത്. പ്രധാന കൊക്കോ ഉത്പാദകരാജ്യങ്ങളായ ഐവറി കോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് ആഭ്യന്തരവിപണിയില്‍ ഏതാനും മാസംമുന്‍പ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. ഈ രാജ്യങ്ങളില്‍ ഇപ്പോള്‍ ഉത്പാദനം ഉയര്‍ന്നതാണ് വിലത്തകര്‍ച്ചയ്ക്ക് പ്രധാന കാരണം.

സംഭരണ ഏജന്‍സികള്‍ സീസണില്‍ ഉത്പന്നം വന്‍തോതില്‍ സംഭരിച്ചതും മഴക്കാലത്ത് കൊക്കോ ബീന്‍സിന്റെ ഗുണനിലവാരക്കുറവും വിലത്തകര്‍ച്ചയ്ക്കുള്ള കാരണങ്ങളാണ്. കൊക്കോയുടെ ഉയര്‍ന്നവിലയില്‍ ഭ്രമിച്ച് കര്‍ഷകര്‍ വീണ്ടും കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് വിലത്തകര്‍ച്ച തിരിച്ചടിയായത്.

കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ നഴ്‌സറികളില്‍നിന്നു വന്‍തോതിലാണ് കൊക്കോതൈകള്‍ വിറ്റുപോയത്. കോഴിക്കോട്, താമരശ്ശേരി കേന്ദ്രമാക്കിയുള്ള വന്‍കിട സ്വകാര്യകമ്പനിയുടെ നഴ്‌സറിയില്‍ രണ്ടുലക്ഷം തൈകളാണ് വിറ്റുതീര്‍ന്നത്. തൈ ഒന്നിന് പത്തു രൂപയായിരുന്നു വില. കൊക്കോയുടെ ആഗോള ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ കൊക്കോകൃഷി നഷ്ടക്കച്ചവടമാകില്ലെന്ന് കരുതിയാണ് ഒട്ടേറെപ്പേര്‍ വീണ്ടും അതിലേക്ക് തിരിഞ്ഞത്.

വില കുതിച്ചുയരുകയും കൊക്കോയ്ക്ക് ദൗര്‍ലഭ്യം നേരിടുകയും ചെയ്തതോടെ സംഭരണഏജന്‍സികള്‍ കര്‍ഷകരുടെ പക്കല്‍ നേരിട്ടെത്തി മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ നല്‍കിയാണ് ഏതാനും മാസങ്ങള്‍ക്കുമുന്‍പ് കൊക്കോ സംഭരിച്ചത്. കാംകോ, മോണ്ടലിസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, മലബാര്‍ അഗ്രോ ഇന്‍ഡസ്ട്രീസ് എന്നിവ ഉള്‍പ്പെടെ പത്തോളം ഏജന്‍സികളാണ് മലയോരമേഖലയില്‍നിന്ന് വ്യാപകമായി കൊക്കോ സംഭരിച്ചത്.

ഉത്പാദനം കുറവായിരുന്നെങ്കിലും സീസണിലെ അധികവില കൊക്കോ കര്‍ഷകര്‍ക്ക് വലിയനേട്ടമാണ് ഉണ്ടാക്കിക്കൊടുത്തത്. കൊക്കോതോട്ടങ്ങളില്‍ മോഷണം തടയാന്‍ കാവലേര്‍പ്പെടുത്തുകയും കായ തിന്നുനശിപ്പിക്കുകയും ചെയ്യുന്ന മരപ്പട്ടികളുടെയും കുരങ്ങുകളുടെയും ശല്യമൊഴിവാക്കാന്‍ കര്‍ഷകര്‍ പ്രത്യേക കരുതലെടുക്കുകയും ചെയ്തിരുന്നു.

ചോക്ലെറ്റ്, ബേബി ഫുഡ്‌സ്, ഔഷധങ്ങള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ എന്നിവയ്ക്ക് കൊക്കോ വലിയതോതില്‍ ഉപയോഗിക്കുന്നുണ്ട്. കൊക്കോയുടെ അധികവിലയും ഉത്പാദനത്തിലെ കുറവും കൊക്കോ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ വില വര്‍ധനയ്ക്കും ഇടയാക്കി. 1980-കളില്‍ വിലയിടിവിനെത്തുടര്‍ന്ന് കൊക്കോ വ്യാപകമായി വെട്ടിമാറ്റിയ മുന്നനുഭവം മലയോരകര്‍ഷകര്‍ക്കുണ്ട്. ഈ ഭയമുണ്ടെങ്കിലും കൊക്കോയുടെ വര്‍ധിച്ച ഉപയോഗവും ഉത്പന്നങ്ങളുടെ വൈവിധ്യവും ഭേദപ്പെട്ട വില നിലനില്‍ക്കാന്‍ ഇടയാക്കും എന്നുതന്നെയാണ് കര്‍ഷകരുടെ പ്രതീക്ഷ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!