ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ : തൃശൂരിൽ ഒന്നരവയസുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമേയയാണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. കുട്ടിയുടെ അമ്മയാണ് കിണറ്റിൽ വീണു കിടക്കുന്ന നിലയിൽ അമേയയെ കണ്ടത്. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണു കിടക്കുന്നതായി കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്നിശമന സേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുന്നംകുളം താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
