വാട്‌സാപ്പിൽ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുമ്പ് ചിലത് അറിഞ്ഞിരിക്കണം

കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളിൽ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. മെറ്റ എ.ഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തിൽ വൃത്താകൃതിയിലാണ് ഇത് കാണപ്പെടുന്നത്.
ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എ.ഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണിത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എ.ഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപഭോക്താക്കൾക്കാകും. കൂടാതെ meta.ai എന്ന യു.ആർ.എൽ വഴി എ.ഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.
തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലാണ് എ.ഐ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എ.ഐ ടൂൾ ഉപയോഗിക്കാനാകും. മെറ്റ എ.ഐയിലെ ടെക്സ്റ്റ് അധിഷ്‌ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുകയെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, ചിത്രങ്ങൾ നിർമിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.
മെറ്റ എ.ഐ വരുന്നതോടെ വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിർദേശം നല്‍കിയാൽ മതിയാകും. ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിയോട് എന്ന പോലെ ഉപയോക്താവിന് മെറ്റ എ.ഐ അസിസ്റ്റന്റുമായി സംസാരിക്കാം. ഒരു യാത്രയാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ അസിസ്റ്റന്റിനോട് അഭിപ്രായവും ചോദിക്കാം. ഫേസ്ബുക്ക് ഫീഡിൽ തന്നെ മെറ്റ എ.ഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എ.ഐ ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.
വാട്‌സാപ്പിൽ മെറ്റ എ.ഐ കൊണ്ടുവരുന്നതിനെക്കുറിച്ച് മെറ്റാ കണക്ട് 2023 ഇവന്‍റിലാണ് മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചത്. എ.ഐ ചാറ്റുകൾക്കായി പ്രത്യേക ഷോർട്ട് കട്ട് ആപ്പിൽ നല്‍കിയിട്ടുണ്ടെന്ന് സക്കർബർഗ് അന്ന് പറഞ്ഞിരുന്നു. ചാറ്റ് ടാബിന്‍റെ സ്ഥാനമാണ് ഇത് കയ്യടക്കിയിരിക്കുന്നതെന്ന് മാത്രം. മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള സഹകരണം ഉപയോഗിച്ച് തത്സമയ വിവരങ്ങൾ നൽകാനുമാകും.