‘വാസ്കോ എഞ്ചിൻ’ ഒ.കെ സത്യൻ അന്തരിച്ചു
കണ്ണൂർ: ഗോവയിൽ നിന്നുള്ള വാസ്കോ ക്ലബ്ബ് ഇന്ത്യൻ ഫുട്ബോളിൽ കിരീടങ്ങൾ വാരിക്കൂട്ടിയ 1960-70 കളിൽ ടീമിൻ്റെ എഞ്ചിൻ റൂമായിരുന്ന കണ്ണൂർകാരൻ ഒ.കെ സത്യൻ അന്തരിച്ചു. 1950 കളുടെ അവസാനം കണ്ണൂർ ലക്കിസ്റ്റാറിലൂടെയാണ് സത്യൻ കളംപിടിക്കുന്നത്. ലക്കിസ്റ്റാർ കേരളത്തിലെയും കൊൽക്കത്തയിലെയും ക്ലബുകളുടെ നെഞ്ചിടിപ്പായിരുന്ന കാലത്താണ് സത്യൻ ടീമിൻ്റെ മധ്യനിരയും പ്രധിരോധ നിരയും ഭരിച്ചത്.
കണ്ണൂർ ഗവൺമെന്റ് ഹൈസ്കൂൾ ടീമിൽ കളിച്ചുകൊണ്ടിരിക്കെയാണ് സത്യൻ്റെ ഭാഗ്യനക്ഷത്രം തെളിയുന്നത്. ലക്കിസ്റ്റാർ ബോംബേ റോവേർസ് കപ്പിൽ കളിക്കുമ്പോഴും ഊട്ടി, തൂത്തുക്കുടി, കോയമ്പത്തൂർ, ചാക്കോള ടൂർണ്ണമെൻ്റുകളിൽ രണ്ടാംസ്ഥാനം നേടിയപ്പോഴും സത്യൻ തകർത്തുകളിച്ചു.
കൊളംബോ പെന്റാങ്കുലർ ടൂർണമെൻ്റിൽ കേരളത്തിന്റെ നായകസ്ഥാനം അലങ്കരിച്ച സത്യൻ അഞ്ച് വർഷം കേരളത്തിനായി സന്തോഷ് ട്രോഫി കളിച്ചു. കേരളം ആദ്യമായി സെമിഫൈനൽ കളിച്ച 1962 കോഴിക്കോട് നാഷണലിൽ സത്യൻ്റെ ഗോളാണ് ടീം മൂന്നാം സ്ഥാനം നേടിയത്. 1965ൽ ഗോവ സാൽഗോക്കറിലേക്ക് കളംമാറ്റം. 1966 മുതൽ 1972 വരെ വാസ്കോ ഗോവയിൽ. സത്യനൊപ്പം ചാത്തുണ്ണി, അവീന്ദർ സിംഗ്, ജോർജ് ആബ്രോസ്, റാഫേൽ, ലാസർ, റോസ്മണ്ട്, ശിവരാജ് തുടങ്ങിയവരടങ്ങിയ വാസ്കോ ക്ലബ് നടത്തിയ പടയോട്ടം ചരിത്രത്തിൻ്റെ ഭാഗം. ചാക്കോള, നാഗ്ജി, മാമ്മൻ മാപ്പിള, കേരള ട്രോഫി, സ്റ്റഫോർഡ് കപ്പ് തുടങ്ങിയവയെല്ലാം വാസ്കോവിൻ്റെ ഷോക്കേസിൽ എത്തി.
1968 മെർദേക്ക കപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ക്യാമ്പിലേക്കും സത്യനെ വിളിച്ചിരുന്നു. 1972 ൽ ബൂട്ടൂരിയ സത്യൻ 1980 വരെ ജോലി ആവശ്യാർത്ഥം ഗോവയിൽ തുടർന്നു. പിന്നീട് കണ്ണൂരിലേക്ക് മടങ്ങി ലക്കിസ്റ്റാറിൻ്റെ കോച്ചായി പ്രവർത്തിച്ചു. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സ്പിരിറ്റഡ് യൂത്ത്സിലേക്ക് മാറി. ഭാര്യ: ലളിത്. മക്കൾ: നിഷ, നീന, സലീഷ്, റീന.
