17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ പിടിയിൽ

Share our post

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡ‍ിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിക്കാണ് രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 12 വര്‍ഷം മുന്‍പ് പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന്, കുട്ടികളുടെ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു 48കാരന്‍. മൂന്ന് മാസമായി കുട്ടിയെ ഇയാള്‍ പല തരത്തില്‍ ഉപദ്രവിച്ചു വരികയായിരുന്നുവെന്നാണ് മൊഴി.

ചൈല്‍ഡ് ലൈനില്‍ നിന്നുളള പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ട ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രണ്ടാനച്ഛൻ പെൺകുട്ടിക്ക് ആദ്യം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. ശേഷം പെണ്‍കുട്ടിയുടെ മൊബൈലിലേയ്ക്ക് ഇത്തരത്തിലുളള വീഡിയോകള്‍‌ വാട്ട്സ്ആപ്പ് മുഖേന അയച്ചു. തുടര്‍ന്ന്, കഴിഞ്ഞ മാസം 5ന് ഉച്ചയ്ക്ക് ഉറക്കത്തിലായിരുന്ന 17 കാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വിവരം കുട്ടി അമ്മയോടും മൂത്ത സഹോദരനോടും പങ്കുവച്ചു. സംഭവം അറിഞ്ഞ മാതവും മൂത്ത മകനും ചേര്‍ന്ന് ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ തേടിയ ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത പാെലീസ് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ റാന്നി സ്വദേശിയായ 48 കാരനെ റിമാന്‍ഡു ചെയ്തു. കഞ്ചാവ് ഉപയോഗത്തിന് ഇയാള്‍ക്കെതിരെ മുന്‍പ് എക്സൈസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!