15 വര്‍ഷമായാല്‍ വാഹനം സര്‍ക്കാര്‍ ഉപയോഗിക്കണ്ട; ലേലം ചെയ്‌തെടുത്താല്‍ സ്വകാര്യവാഹനമാകും

Share our post

15 വര്‍ഷം പൂര്‍ത്തിയായ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാനാകാത്തത് പ്രതിസന്ധിയാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൊളിക്കല്‍നയം (സ്‌ക്രാപ്പ് പോളിസി) പ്രകാരം 2009-നുമുമ്പ് രജിസ്റ്റര്‍ചെയ്ത എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടെയും കാലാവധി കഴിഞ്ഞിട്ടുണ്ട്. ഇവയൊന്നും ഇനി നിരത്തിലിറക്കാനാവില്ല. മോട്ടോര്‍വാഹന വകുപ്പില്‍മാത്രം കാലാവധി പൂര്‍ത്തിയായ അമ്പതോളം വാഹനങ്ങളുണ്ട്. ഭൂരിഭാഗവും പുനരുപയോഗക്ഷമതയുള്ള വാഹനങ്ങളുമാണ്.

മോട്ടോര്‍ വാഹനവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമുള്‍പ്പെടെ സര്‍ക്കാര്‍വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, സര്‍ക്കാര്‍ അനുമതിലഭിച്ച് വണ്ടിയെത്താന്‍ മാസങ്ങളെടുക്കും. അതുവരെ ഈ ഓഫീസുകളില്‍ വാഹനങ്ങളുണ്ടാവില്ല.

കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ ‘പരിവാഹന്‍’ സംവിധാനം വന്നതോടെയാണ് പൊളിക്കല്‍നയം കൃത്യമായി നടപ്പാക്കിത്തുടങ്ങിയത്. 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍വാഹനങ്ങളുടെ നമ്പര്‍ പരിശോധിക്കുമ്പോള്‍ ആര്‍.സി. റദ്ദാക്കിയെന്നാണ് വാഹന്‍ സോഫ്റ്റ്വെയറില്‍ കാണിക്കുക. ഇതോടെ ഇവ നിരത്തിലിറക്കാനോ വാഹനത്തിന് മോട്ടോര്‍വാഹനവകുപ്പ് മുഖാന്തരമുള്ള സേവനങ്ങള്‍ തേടാനോ സാധിക്കില്ല. ഇവ ഇരുമ്പുവിലയ്ക്ക് പൊളിച്ചുവില്‍ക്കാനേ സാധിക്കൂ.

സര്‍ക്കാര്‍വണ്ടികള്‍ ലേലംചെയ്ത് വിറ്റാല്‍ ഗുണകരമാവും

സര്‍ക്കാര്‍വാഹനങ്ങള്‍ കാലാവധിതീരും മുമ്പ് ലേലംചെയ്ത് നല്‍കിയാല്‍ ലേലത്തിലെടുക്കുന്നവര്‍ക്ക് 15വര്‍ഷം കഴിഞ്ഞാലും രജിസ്ട്രേഷന്‍ പുതുക്കി ഉപയോഗിക്കാനാകും. സര്‍ക്കാര്‍തലത്തില്‍ നയപരമായ തീരുമാനമെടുത്താലേ അത്തരത്തിലൊരു നടപടി സാധ്യമാകൂവെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. നിലവില്‍ ഇരുമ്പുവില മാത്രമാണ് 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങളില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുക.

എന്നാല്‍, കാലവധിക്കുമുമ്പ് ലേലംചെയ്താല്‍ വാഹനങ്ങളുടെ ഇനത്തിലുണ്ടാകുന്ന വന്‍ നഷ്ടം ഒഴിവാക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. ഇത് പലപ്പോഴും ചര്‍ച്ചയായി ഉയര്‍ന്നുവന്നിരുന്നെങ്കിലും മലിനീകരണം പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയത്തെ സര്‍ക്കാര്‍ തന്നെ എതിര്‍ക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് നടപടികളുണ്ടാവാത്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!