കെ സ്‌മാര്‍ട്ട് തീർപ്പാക്കിയത് 6,33,733 അപേക്ഷ

Share our post

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്ന കെ സ്മാർട്ട് വഴി ഇതുവരെ ലഭിച്ച 9,60,863 അപേക്ഷയിൽ 6,33,733 എണ്ണവും തീർപ്പാക്കി. 3,27,130 അപേക്ഷ തീർപ്പാക്കുന്ന നടപടി പുരോ​ഗമിക്കുകയാണ്. കെ സ്മാർട്ടിലൂടെ നികുതി, ഫീസ് ഇനത്തിൽ ഇതുവരെ പിരിച്ചെടുത്തത് 628.66 കോടി രൂപയാണ്. ഇതുവരെ ആകെ ലഭിച്ച 77,916 ജനന സർട്ടിഫിക്കറ്റ് അപേക്ഷയിൽ 67,176 പേർക്കും സർട്ടിഫിക്കറ്റ് ലഭ്യമാക്കി. ആകെ ലഭിച്ച 38,384 മരണ സർട്ടിഫിക്കറ്റ് അപേക്ഷയിൽ 30,694 എണ്ണവും തീർപ്പാക്കി. 29,073 വിവാഹ സർട്ടിഫിക്കറ്റ് അപേക്ഷയിൽ 12,826 പേർക്കും നൽകി. വിദേശത്തുള്ള 3358 പേർക്ക് വീഡിയോ കോൾ വഴി വിവാഹ രജിസ്ട്രേഷൻ നടത്തി.

5459 വ്യാപാരികൾക്കും വ്യവസായികൾക്കും പുതിയ ലൈസൻസ് നൽകി. 65,354 പേരുടെ ലൈസൻസും കെ സ്മാർട്ട് വഴി പുതുക്കി നൽകി. സാധാരണ കെട്ടിടങ്ങൾക്ക് 10 സെക്കൻഡിനുള്ളിൽ കെ സ്മാർട്ട് വഴി കെട്ടിട പെർമിറ്റ് ലഭിക്കും. ഇതുവരെ 5066 കെട്ടിട പെർമിറ്റാണ് കെ സ്മാർട്ട് വഴി ലഭ്യമാക്കിയത്. പൊതുജനങ്ങളുടെ 8876 പരാതിയിൽ 1322 എണ്ണവും പരിഹരിച്ചു. 39 പരാതി തള്ളി, 692 എണ്ണം കൂടുതൽ വ്യക്തതയ്ക്കായി പരാതിക്കാർക്ക് തിരിച്ചയച്ചു. 6823 പരാതി തദ്ദേശവകുപ്പിന്റെ പരിഗണനയിലാണ്.

ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, കെട്ടിട നികുതി, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസ്, പൊതുജന പരാതി പരിഹാരം എന്നിങ്ങനെ പത്തു തരം സേവനമാണ് കെ സ്മാർട്ട് വഴി അതിവേ​ഗത്തിൽ ലഭ്യമാക്കുന്നത്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ കെ സ്മാർട്ട്‌ ആപ്‌ ലഭ്യമാണ്. ഇതേ സേവനങ്ങൾ https://ksmart.lsgkerala.gov.in/ui/web-portal എന്ന കെ സ്മാർട്ട് വെബ് പോർട്ടിലിലൂടെയും ലഭിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!