പിണറായി വിജയന്റെ മകളെയും ഇ.ഡി വേട്ടയാടുന്നു; ബി.ജെ.പി.യുടെ ഏകാധിപത്യം അധികനാൾ നീളില്ല: സഞ്ജയ് സിങ്

Share our post

ന്യൂഡൽഹി : കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെയും എൻഫോഴ്സസ്മെൻ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വേട്ടയാടുകയാണെന്ന് ആംആദ്‌മി പാർട്ടി എം.പി സഞ്ജയ് സിങ്. ബി.ജെ.പി.യുടെ ഏകാധിപത്യം അധികനാൾ നീളുകയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ജയിൽമോചിതനായശേഷം ഡൽഹിയിലെ എ.എ.പി ആസ്‌ഥാനത്ത് നൽകിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള നമ്മുടെ നേതാക്കളെയെല്ലാം അവർ ജയിലിൽ അടയ്ക്കുകയാണ്. എന്നാൽ ഇവരെല്ലാം ജയിലറകൾ തകർത്തു പുറത്തുവരുമെന്ന് ഉറപ്പാണ്. ഇത് ആഘോഷിക്കേണ്ട സമയമല്ല, പോരാടേണ്ട സമയമാണ്. നമ്മുടെ മൂന്നു നേതാക്കൾ ഇപ്പോൾ ജയിലിലാണ്. അതുകൊണ്ട്  നാം പോരാട്ടം തുടരണം”- ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം എ.എ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. അരവിന്ദ് കേജ്‌രിവാൾ രാജിവയ്ക്കുകയില്ലെന്നും ഡൽഹിയിലെ രണ്ടു കോടി ജനങ്ങൾക്കു വേണ്ടി അദ്ദേഹം പ്രവർത്തിക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

ഡൽഹി സർക്കാരിൻ്റെ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ആറു മാസമായി ജയിലിൽ കഴിയുന്ന ആംആദ്‌മി പാർട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് ബുധനാഴ്‌ച വൈകിട്ടാണ് ജയിൽമോചിതനായത്. തിഹാർ ജയിലിൽ കഴിയുന്ന സഞ്ജയ് സിങ്ങിന് സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. ജയിൽമോചിതനായ സഞ്ജയ് സിങ്ങിന് ജയിലിനു പുറത്തു വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!