അധ്യാപികയും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

അടൂർ: കെ.പി.റോഡിൽ കാർ കണ്ടയ്നർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രൻ (37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിം(31) എന്നിവരാണ് മരിച്ചത്.കെ.പി.റോഡിൽ പട്ടാഴി മുക്കിനു സമീപത്ത് വ്യാഴാഴ്ച രാത്രി 11.15-നാണ് അപകടം.
തുമ്പമൺ സ്കൂളിൽ നിന്നും കുട്ടികളോടൊപ്പം തിരുവനന്തപുരത്ത് ഭാഗത്ത് ടൂർ പോയി തിരികെ വരുമ്പോൾ
വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്കും പത്തിനുമിടയിൽ കുളക്കട വച്ച് ഹാഷിമിനൊപ്പം കാറിൽ കയറി പോകുകയായിരുന്നു. കാർ വാനിന് കുറുകെയിട്ട ശേഷമാണ് അനുജയെ കയറ്റിക്കൊണ്ട് പോയതെന്നാണ് സഹ അധ്യാപകർ പോലീസിന് നൽകിയ മൊഴി. ആദ്യം അനുജയോട് ഇറങ്ങി വരാൻ ആവശ്യപ്പെട്ടെങ്കിലും അനുജ ഇറങ്ങിയില്ല.
തുടർന്ന് ഹാഷിം വാഹനത്തിൽ കയറിയതോടെ അനുജ വന്നത് ബന്ധുവാണെന്ന് പറഞ്ഞ് കൂടെ പോകുകയാണെന്നും അധ്യാപകർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതിനു ശേഷം അധ്യാപികയെ മറ്റ് അധ്യാപകർ ഫോണിൽ വിളിച്ചപ്പോൾ ആദ്യം കരയുകയായിരുന്നു. പിന്നീട് കുഴപ്പമില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞു. തുടർന്ന് അധ്യാപകർ അനുജയുടെ ബന്ധുക്കളെ വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരു ബന്ധുവില്ലെന്ന് അറിയിച്ചു.
ഇതോടെയാണ് അധ്യാപകർ അടൂർ പോലീസിൽ അധ്യാപികയെ ഒരാൾ വിളിച്ചു കൊണ്ടു പോയതായി പരാതിയും നൽകിയിരുന്നു. കോട്ടയത്ത് ലോഡ് ഇറക്കിയ ശേഷം ഹരിയാനയ്ക്ക് പോകാൻ ശിവകാശിയ്ക്ക് പോകുകയായിരുന്നു ലോറി. പത്തനാപുരം ഭാഗത്തു നിന്നും ലോറിയിലേക്ക് തെറ്റായ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവർ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്. മരിച്ച രണ്ടു പേരും വിവാഹിതരാണ്.