ജി.എൻ.എ വൈദ്യുതി വാങ്ങൽ; മുഖ്യമന്ത്രി പലതും മറയ്ക്കുന്നു, വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കി; പിണറായി വിജയൻ

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ജി.എൻ.എ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി പലതും മറയ്ക്കുന്നെന്നും വഴങ്ങാത്ത ചെയർമാനെ സർക്കാർ പുറത്താക്കിയെന്നും അദ്ദേഹം ആഞ്ഞടിച്ചു. സർക്കാർ കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സ്വകാര്യ കമ്പനികൾക്ക് വേണ്ടിയുള്ള പ്രതിസന്ധി സൃഷ്ടിക്കലാണോ ഇതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക കത്ത് ഇല്ലെന്ന് സർക്കാർ വാദിക്കുമ്പോഴും, അത് ഇതിനകം പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു കത്ത് നിഷേധിക്കുന്നത് ആരെ രക്ഷിക്കാനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജി.എൻ.എ കരാറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജി.എൻ.എ എന്നത് സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കമ്പനിയല്ല ഇ-ടെൻഡറോ സുതാര്യമായ മറ്റ് നടപടിക്രമങ്ങളോ പാലിക്കാതെ, വൈദ്യുതി ഉൽപ്പാദിപ്പിക്കാത്ത ഒരു കമ്പനിക്ക് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹിമാചൽ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഫയലിൽ അനുകൂലമായി കുറിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇത് മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. നഷ്ടമുണ്ടാകുമെന്ന് ചെയർമാനോ മന്ത്രിയോ പറഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 190 മെഗവാട്ട് മുതൽ 1900 മെഗവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ നമ്മുടെ ജലവൈദ്യുത പദ്ധതികൾക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിമാചലിന്റെ പഴയനിരക്ക് ഉയർത്തിക്കാട്ടി GNA യെ പിന്തുണയ്ക്കുന്നത് ശരിയല്ല. ഹിമാചലിൻ്റെ ആദ്യ ഓഫർ 14 രൂപ 50 പൈസയായിരുന്നു. പിന്നീട് വൈദ്യുത നിരക്ക് കുറച്ച് 12.50 പൈസ കുറച്ചു. ഹിമാചലിന്റെ പഴയനിരക്ക് ഉയർത്തിക്കാട്ടി GNA യെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാറിൻ്റെ കൂട്ട് ഉത്തരവാദിത്വം വന്നിരിക്കുകയാണ്. വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയലുകൾ നിയന്ത്രിക്കുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്തിനാണ് വകുപ്പ് മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെ.എസ്.ഇബി ചെയർമാനായിരുന്ന എം.ജി രാജമാണിക്യം പിന്തുണച്ചത് ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെയാണെന്ന് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ജി.എൻ.എയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ കെ.എസ്.ഇ.ബിയിലെ ഡയറക്ടര്‍മാര്‍ക്ക് അതൃപ്തി പുകയുകയാണ്. കെ.എസ്.ഇ.ബിയിലെ രണ്ട് ഡയറക്ടര്‍മാര്‍ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങണോ അതോ ജി.എൻ.എ വഴി വാങ്ങണോ എന്ന കാര്യത്തിൽ സർക്കാരും കെ.എസ്.ഇ.ബിയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയാണ് പ്രശ്നങ്ങൾക്ക് തുടക്കം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!