നെടുമ്പാശ്ശേരി അപകടം; വന്‍ സുരക്ഷയില്‍ പ്രതിയുമായി തെളിവെടുപ്പ്

Share our post

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കനത്ത സുരക്ഷയിലാണ് 19കാരനായ പ്രതി സുഹൈലുമായി പൊലീസ് അപകടസ്ഥലത്ത് അടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

തെളിവെടുപ്പിന് എത്തിച്ചപ്പോൾ മുടി പറ്റെ വെട്ടി തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലായിരുന്നു പ്രതി. ബോർസ്റ്റല്‍ ഹോമിലെത്തിയ സുഹൈല്‍ അവിടുണ്ടായിരുന്ന ട്രിമ്മര്‍ ഉപയോഗിച്ച് മുടി മുറിച്ചെന്നാണ് വിവരം. തങ്ങളല്ല മുടിമുറിച്ചതെന്നാണ് ഹോമിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആലുവ ഡിവൈഎസ്പിയായ ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ വിശദമായ തെളിവെടുപ്പ് നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെയാണ് പ്രതിയുടെ കസ്റ്റഡി കാലാവധി. അഞ്ച് മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇതിനുള്ളില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. അപകടം നടന്നതിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് ആലുവയിലെ ആശുപത്രിയിലെത്തിച്ച പ്രതിക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. മാത്രമല്ല കേസ് അട്ടിമറിക്കാനുള്ള ശ്രമം ആരോപിച്ച് രാഷ്ട്രീപാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.

ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതല്‍ തന്നെ മദ്യപിക്കാന്‍ ആരംഭിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും ആദ്യം വൈറ്റിലയിലെ ബാറില്‍ കയറി അമിതമായി മദ്യപിച്ചിരുന്നു. പിന്നീട് വൈകീട്ട് പാലാരിവട്ടത്തെ ബാറിലും നെടുമ്പാശ്ശേരിയിലെ ആഢംബര ഹോട്ടലില്‍ വച്ച് പുലര്‍ച്ചെ വരെയും മദ്യപിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. മുഖ്യപ്രതി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡി അപേക്ഷയില്‍ വാദം നടന്ന സാഹചര്യത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന വാദം പ്രതിഭാഗം ഉയര്‍ത്തിയപ്പോള്‍ കോടതി കസ്റ്റഡി കാലാവധി അവസാനിച്ച് തിരികെ എത്തുമ്പോള്‍ പരിഗണിക്കാമെന്ന നിലപാടാണ് സ്വീകരിച്ചത്. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന കാറില്‍ നിന്നുള്ള സാമ്പിള്‍, അപകടസ്ഥലത്തെ മണ്ണിന്റെ സാമ്പിള്‍, ഇരകളുടെ സാമ്പിള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!