‘യുദ്ധഭ്രാന്ത് അവസാനിപ്പിക്കണം, സമാധാനത്തിനായി ഇനിയും ശബ്ദമുയർത്തും’; ട്രംപിന് മാർപ്പാപ്പയുടെ മറുപടി

Share our post

വത്തിക്കാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി തർക്കത്തിലേർപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നും യുദ്ധത്തിനെതിരേ സംസാരിക്കുന്നത് തുടരുമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ. തനിക്കെതിരായ ട്രംപിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്രംപുമായി ഒരു തർക്കത്തിലേർപ്പെടാൻ താത്പര്യമില്ലെന്നു പറഞ്ഞ അദ്ദേഹം താൻ ഒരു രാഷ്ട്രീയക്കാരനല്ലെന്നും സമാധാനത്തിനുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും വ്യക്തമാക്കി. ക്രിസ്തീയ സന്ദേശം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, യുദ്ധത്തിനെതിരേ സംസാരിക്കുന്നത് തുടരുമെന്നും പ്രഖ്യാപിച്ചു.

പശ്ചിമേഷ്യയിലെ, പ്രത്യേകിച്ച് ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തെ ശക്തമായി എതിർക്കുന്നു. ലോകനേതാക്കൾ ‘യുദ്ധ ഭ്രാന്ത്’ അവസാനിപ്പിക്കണമെന്നും സമാധാനത്തിനും ചർച്ചകൾക്കുമായി മുൻകൈ എടുക്കണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു. യുദ്ധത്തെ ന്യായീകരിക്കാൻ മതപരമായ ഭാഷ ഉപയോഗിക്കുന്നതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

നേരത്തേ ഇറാൻ യുദ്ധത്തിൽ അഭിപ്രായപ്രകടനം നടത്തിയതിനാണ് ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് രൂക്ഷമായി വിമർശിച്ചത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും ട്രംപ് പരിഹസിക്കുകയും ചെയ്തിരുന്നു. തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപ്പാപ്പയായി തിരഞ്ഞെടുത്തതെന്നും ട്രംപ് ആരോപിച്ചിരുന്നു. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സാമാന്യബോധം കാട്ടണമെന്നും ട്രംപ് ഉപദേശിക്കുകയും ചെയ്തിരുന്നു.

ട്രംപിന്റെ വിമർശനത്തിനെതിരേ കത്തോലിക്കാ മതനേതാക്കളിൽനിന്നും വിശ്വാസികളിൽനിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മാർപ്പാപ്പ ട്രംപിന്റെ രാഷ്ട്രീയ എതിരാളിയല്ലെന്നും അദ്ദേഹം സത്യത്തിന്റെ വക്താവായ ക്രിസ്തുവിന്റെ പ്രതിപുരുഷനാണെന്നും യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് പോൾ എസ്. കോക്ലി വ്യക്തമാക്കി. മുമ്പ് ഫ്രാൻസിസ് മാർപ്പാപ്പയുമായും ട്രംപിന് സമാനമായ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!