വല്ലാർപാടത്ത് അച്ഛനെ തല്ലിച്ചതച്ച് മകൻ; മുൻപ് ജാമ്യത്തിലിറക്കിയ അച്ഛന് കിട്ടിയത് മർദനം

Share our post

കൊച്ചി: വല്ലാർപാടം ജൂതനടപ്പിൽ മദ്യലഹരിയിലായ മകൻ അച്ഛനെ മർദിച്ചു. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ മുളവുകാട് പോലീസ് കേസെടുത്തു. വല്ലാർപാടം ജൂതനടപ്പ് സ്വദേശി പുരുഷനാ (68) ണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ പ്രവീണി (42) ന്റെ പേരിൽ പോലീസ് കേസെടുത്തു. ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങി.

ഞായറാഴ്ചയാണ് പ്രവീൺ അച്ഛൻ പുരുഷനെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. മർദനമേറ്റതിനേത്തുടർന്ന് പുരുഷൻ ആശുപത്രിയിൽ ചികിത്സ തേടി. എക്സ്റേ എടുത്തു. തുടർന്ന് ആശുപത്രിയിൽനിന്ന് പുരുഷൻ മടങ്ങി. വൈകീട്ടോടെയാണ് മർദനവീഡിയോ പുറത്തുവന്നത്. തുടർന്ന് പുരുഷനെ സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുത്തു. ലോട്ടറി വിൽപ്പനക്കാരനാണ് പുരുഷൻ. വീഡിയോ പകർത്തിയത് ആരാണെന്ന് വ്യക്തമല്ല.

എം.എ. ബിരുദധാരിയാണ് അവിവാഹിതനായ പ്രവീൺ. വല്ലാർപാടം ജൂതനടപ്പിൽ മൂന്നു സെന്റിലെ വീട്ടിലാണ് താമസം. കുറച്ചു നാളുകളായി പ്രവീണിന്റെ സഹോദരിയും ഭർത്താവും കുടുംബവീട്ടിലാണ് താമസം. അതിനിടെ കുടുംബസ്വത്തിൽ ഒന്നര സെന്റ് പുരുഷൻ മകൾക്ക് കൊടുത്തു. ഇതേത്തുടർന്ന് പ്രശ്നങ്ങളുയർന്നിരുന്നു. പലതവണ പ്രവീണിനെതിരേ സഹോദരി പരാതി നൽകിയിട്ടുണ്ട്. ആറ് കേസുകൾ പ്രവീണിനെതിരേ മുളവുകാട് പോലീസ് എടുത്തിരുന്നു. കഴിഞ്ഞ വർഷം പുരുഷന്റെ തലയ്ക്കടിച്ചതിന് പ്രവീണിനെതിരേ പോലീസ് കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ, ഇയാൾ മദ്യലഹരിയിൽ ചെയ്തതാണെന്ന് സഹോദരിയും അച്ഛനും പറഞ്ഞു. അവർതന്നെ പ്രവീണിനെ ജാമ്യത്തിലിറക്കുകയും ചെയ്തു. തുടർന്നും പല തവണ കേസെടുത്തെങ്കിലും സഹോദരിയും അച്ഛനും പറഞ്ഞതിനെത്തുടർന്ന് വിട്ടയക്കുകയായിരുന്നു. ഇത്തരം സംഭവം പതിവായതോടെ മുളവുകാട് പോലീസ് വിഷയം ആർ.ഡി.ഒ.യ്ക്ക് റിപ്പോർട്ടായി നൽകി. ആർ.ഡി.ഒ. നടത്തിയ ഹിയറിങ്ങിൽ പ്രവീൺ ബോണ്ട് വെക്കാതിരിക്കുകയും ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്ക് പോകാൻ സമ്മതമറിയിക്കുകയും ചെയ്തു. തുടർന്ന് ഡീ-അഡിക്ഷൻ സെന്ററിലെത്തി ചികിത്സ നടത്തി. എന്നാൽ, അടുത്തിടെ വീണ്ടും മദ്യപാനം തുടരുകയും വീട്ടിൽ പ്രശ്നമുണ്ടാക്കുകയുമായിരുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!