തട്ടിക്കൊണ്ടു പോകലിനു പിന്നിൽ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്?; നിക്ഷേപകർക്ക് നഷ്ടമായത് 60 കോടിയോളം രൂപ

Share our post

കൊച്ചി ∙ ഇടുക്കി മുരിക്കാശേരിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ പത്തു വർഷം മുമ്പത്തെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട ക്വട്ടേഷനെന്ന് സൂചന. മലപ്പുറം തിരൂരില്‍ പ്രവർത്തിച്ചിരുന്ന തുഞ്ചത്ത് ജ്വല്ലേഴ്സിന്റെ ഉടമയും നിക്ഷേപ തട്ടിപ്പു കേസുകളിൽ പ്രതിയുമായ ഒഴൂർ ഓണക്കാട് മുതിയേരി ജയചന്ദ്രനെ (32)യാണ് ഞായറാഴ്ച രാവിലെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടു പോയത്. പൊലീസ് ഇവരെ പിന്തുടർന്നതോടെ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ജയചന്ദ്രനുമായി സംഘം കീഴടങ്ങി. സംഘത്തിലുണ്ടായിരുന്ന തൃശൂർ ചാവക്കാട് സ്വദേശികളായ ഹനീഫ്, അംനാസ്, റഫീക്ക്, ആഷിക്ക് എന്നിവരെ ഇന്ന് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

2016ൽ തുഞ്ചത്ത് ജ്വല്ലറിയുടെ മറവിൽ ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് 60 കോടിയോളം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. നിക്ഷേപകർക്കു പുറമെ ഇടനില നിന്ന ഏജന്റുമാരും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തി. ജ്വല്ലറി എംഡിയായിരുന്ന ജയചന്ദ്രനും പതിനാലോളം ഡയറക്ടര്‍മാരും ഒളിവിൽ പോയ ശേഷം 2017ൽ ജയചന്ദ്രൻ തിരൂർ പൊലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് നിക്ഷേപകരുമായി ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമങ്ങൾ നടക്കുകയും ജയചന്ദ്രനു ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ ഇയാൾ പണം തിരികെ നൽകിയില്ലെന്ന് 2023ലും വ്യാപകമായ പരാതികൾ ഉയര്‍ന്നിരുന്നു. അതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജയചന്ദ്രനെതിരെ കേസെടുത്തു. 2025 നവംബറിൽ ജയചന്ദ്രന്റെയും കേസിലെ മറ്റു പ്രതികളുടെയും 20.4 കോടി രൂപയുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു. അക്കംബ്ലിഷ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റ‍ഡ് എന്ന കമ്പനിക്കു കീഴിലായിരുന്നു ജ്വല്ലറി. ഇത്തരത്തിൽ ഒട്ടേറെ കമ്പനികൾ രൂപീകരിച്ച് നിക്ഷേപകരിൽ നിന്ന് പിരിക്കുന്ന പണം ഇതിലേക്ക് വഴിമാറ്റുകയായിരുന്നു ഇവർ ചെയ്തിരുന്നത് എന്നും ഈ പണമുപയോഗിച്ച് കേരളത്തിലും ബെംഗളുരുവിലും സ്വത്തുവകകൾ വാങ്ങിച്ചതായും ഇ.ഡി വ്യക്തമാക്കിയിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങൾ നടക്കുന്നതിനിടെ, ജയചന്ദ്രൻ വിവിധ പേരുകളിൽ സൂപ്പർമാർക്കറ്റ് നിക്ഷേപ പദ്ധതികള്‍ ആരംഭിച്ചു. എന്നാൽ ഈ പദ്ധതിയിൽ നിന്നും ആളുകളെ കബളിപ്പിച്ചതായി പരാതികൾ ഉയർന്നു. ജയചന്ദ്രന്റെ ഇൻഎവിറ്റബിൾ മാർക്കറ്റിങ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ തിരൂര്‍ പൊലീസ് കേസെടുത്തിരുന്നു. കോടിക്കണക്കിനു രൂപ തങ്ങൾക്ക് നഷ്ടപ്പെട്ടതായി നിക്ഷേപകർ വെളിപ്പെടുത്തി. ഇതിനിടെയാണ്, ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത പുറത്തു വന്നത്. ബെംഗളുരു കേന്ദ്രമായ വിവിഡ് മാർക്കറ്റിങ് എന്ന കമ്പനിയുടെ ട്രെയിനിങ് പരിപാടിക്കായി രണ്ടു മാസം മുമ്പാണ് ജയചന്ദ്രനും 5 സുഹൃത്തുക്കളും രാജമുടിയിൽ വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. ‍ഞായറാഴ്ച രാവിലെ ബെംഗളുരുവിലേക്ക് പോകാനായി കാറിൽ കയറാൻ തുടങ്ങുന്നതിനിടെ, നമ്പർ മറച്ച കാറിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ സംഘം ജയചന്ദ്രനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇക്കാര്യം സുഹൃത്തുക്കൾ ഉടനെ മുരിക്കാശേരി പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഇവരെ പിന്തുടരുകയും കടവന്ത്ര പൊലീസിൽ കീഴടങ്ങാൻ പ്രേരിപ്പിക്കുകയുമായിരുന്നു. ‘‘അവർക്കു മുന്നിൽ മറ്റു വഴികളില്ലായിരുന്നു. ഏതു നിമിഷവും പിടിയിലാകുമെന്ന് ബോധ്യമായതോടെയാണ് സ്റ്റേഷനിലെത്തിയത്. പൊലീസ് കൃത്യമായി തന്നെ പുറകെയുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകൽ തന്നെയാണ് നടന്നത്. ബിഎൻഎസ് 138 പ്രകാരമാണ് കേസ്’’– മുരിക്കാശേരി എസ്എച്ച്ഒ വിപിൻ ചന്ദ്രൻ പറഞ്ഞു.

തുഞ്ചത്ത് ജ്വല്ലറിയുമായി ബന്ധപ്പെട്ട നിക്ഷപ തട്ടിപ്പിൽ പണം നഷ്ടമായ ആരോ നൽകിയ ക്വട്ടേഷനാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് സൂചനകളുണ്ട്. ഇതിനായി ചാവക്കാട് സംഘത്തെ ഏൽപ്പിക്കുകയായിരുന്നു എന്നാണ് വിവരം. സാമ്പത്തിക തർക്കങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നും അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേ സമയം, തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും സാമ്പത്തിക കാര്യങ്ങൾ സംസാരിക്കാൻ പോയതാണെന്നും ഇന്നലെ കൊച്ചിയിൽ വച്ച് ജയചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ജയചന്ദ്രന്റെ പരാതിയിൽ തന്നെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!