കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ തിരിച്ചെത്തിച്ചു

Share our post

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ പിടികൂടി കോഴിക്കോടെത്തിച്ചു. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. തുടർന്ന് ഞായറാഴ്ച്ച ഉച്ചയോടെ ട്രെയിൻമാർഗം കോഴിക്കോട് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർതുരന്ന് വിനീഷ് രക്ഷപ്പെട്ടത്. മുംബൈയിലെ റെയിൽവേ സ്റ്റേഷനിൽ വെച്ച് ശനിയാഴ്ച രാവിലെ പ്രതി പിടിയിലാകുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസങ്ങളായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്തുവരികയായിരുന്നു. അവിടെ മത്സ്യത്തൊഴിലാളിയായി കഴിയവെയാണ് പിടിയിലായത്.

വിനീഷ് മുബൈയിലുണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പല രീതിയിൽ അന്വേഷണം നടത്തിയെങ്കിലും വിനീഷിനെ പിടികൂടാൻ സാധിച്ചില്ല. രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബൈയിൽ അന്വേഷണം നടത്തിവരികയായിരുന്നു.

നാടിനെ നടുക്കിയ കൊലപാതകം

2021 ജൂൺ 17-നാണ് വിനീഷ് ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. മലപ്പുറം എളംകുളം കൂടാന്ത്രയിലുള്ള ദൃശ്യയുടെ ‘ചെമ്മത്ത്’ എന്ന വീട്ടിൽ പ്രതിയായ വിനീഷ് അതിക്രമിച്ചു കയറി കുറ്റകൃത്യം നടത്തുകയായിരുന്നു.

വിനീഷിനെ തടയാൻ ശ്രമിക്കുന്നതിനിടെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഗുരുതരപരിക്കേൽക്കുകയും ചെയ്തു. അന്നുതന്നെ റിമാൻഡിലായ വിനീഷ് പിന്നീട് മാനസിക പ്രശ്‌നം കാണിച്ചതിനെ തുടർന്ന് 2022 ൽ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.

അന്ന് അവിടെനിന്ന് രക്ഷപ്പെട്ടെങ്കിലും പിടിയിലായി. അതേ വർഷം നവംബർ ആറാം തീയതി ആശുപത്രിയിലെ വാർഡ് നമ്പർ മൂന്നിലെ സെല്ലിന്റെ വാതിലിൽ തൂങ്ങി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് 2025 ഡിസംബർ അവസാനം ഇരുമ്പുകമ്പി അതിവിദഗ്ധമായി അകത്തേക്ക് കടത്തി ചുമർ തുരുന്ന് വീണ്ടും രക്ഷപ്പെട്ടത്.

പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷമായിരുന്നു ക്രൂര കൊലപാതകം. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!