കവുങ്ങ് കർഷകർക്ക് ആശ്വാസം; അടയ്ക്കവിലയിൽ വൻ കുതിപ്പ്; പുതിയതിന് കിലോയ്ക്ക് 500 രൂപ, പഴയതിന് 555 രൂപ

Share our post

കാഞ്ഞങ്ങാട്: കവുങ് കർഷകർക്ക് ആശ്വാസമായി കൊട്ടടയ്ക്കവിലയിൽ വലിയ മുന്നേറ്റം. ഒരു മാസം മുൻപ് കിലോയ്ക്ക് പരമാവധി 470 രൂപ വിലയുണ്ടായിരുന്ന പുതിയ അടയ്ക്കയുടെ വില കഴിഞ്ഞദിവസം 500 രൂപയിലെത്തി. മാർച്ച് ആദ്യവാരം 530 രൂപ വിലയുണ്ടായിരുന്ന പഴയ അടയ്ക്കവില 550 ആയി.

വിപണിയിൽ അടയ്ക്കവരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണമായി പറയുന്നത്. പ്രതികൂല കാലാവസ്ഥയും രോഗബാധയും കാരണം തോട്ടങ്ങളിൽ വിളവ് കുറഞ്ഞതാണ് കാരണം. ഈ വർഷം വിളവെടുത്ത അടയ്ക്ക ഉണക്കി കൊട്ടടയ്ക്കയാക്കി മാറ്റുന്നതാണ് പുതിയ അടയ്ക്ക. മുൻവർഷങ്ങളിൽ വിളവെടുത്ത അടയ്ക്ക ഉണക്കിസൂക്ഷിച്ചശേഷം കൊട്ടടയ്ക്കയായി മാറ്റുന്നതാണ് പഴയ അടയ്ക്ക ഇനത്തിൽപ്പെടുന്നത്. ഗുണനിലവാരം കൂടിയ അടയ്ക്കവിലയ്ക്കൊപ്പം പട്ടോറ, ഉള്ളി, കരിങ്കൊട്ട തുടങ്ങിയ തിരിവ് അടയ്ക്കയുടെ വിലയിലും 20 രൂപ മുതൽ 30 രൂപവരെ വർധനയുണ്ട്.

കാലവർഷം കനക്കുന്നതോടെ പച്ച അടയ്ക്കക്കുലകളെ ബാധിക്കുന്ന പൂപ്പൽബാധയായ മഹാളിയായിരുന്നു അടുത്തകാലം വരെ കർഷകർ നേരിട്ട പ്രധാന വെല്ലുവിളി. ബോർഡോ മിശ്രിതം തെളിക്കുന്നതിലൂടെ ഈ രോഗത്തെ ഒരുപരിധിവരെ ചെറുത്തുനിൽക്കാൻ സാധിച്ചിരുന്നു. എന്നാൽ, തോട്ടങ്ങളിൽ വ്യാപകമാകുന്ന ഇലകളിലെ മഞ്ഞളിപ്പ് രോഗം പ്രശ്നമായി മാറിയിട്ടുണ്ട്.

തൊഴിലാളിക്ഷാമത്തിനൊപ്പം ഉയർന്ന കൂലിയും വളങ്ങളുടെ വിലവർധനയും കർഷകർ നേരിടുന്ന പ്രതിസന്ധികളാണ്. ഇതുകൊണ്ടുതന്നെ ഉയർന്ന വില ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂവെന്നാണ് കർഷകർ പറയുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!