കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക്; 20,400 മെട്രിക് ടൺ എൽപിജിയുമായി ‘ജഗ് വിക്രം’ ഹോർമുസ് കടന്നു
ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിക്കിടെ കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക്. 20,400 മെട്രിക് ടൺ എൽപിജിയുമായി ജഗ് വിക്രം കപ്പൽ ഹോർമുസ് കടന്നു. 24 നാവികരും കപ്പലിലുണ്ട്. ഏപ്രിൽ 15ന് കപ്പൽ മുംബൈ തീരത്തെത്തും.
എൽപിജി വിതരണം സാധാരണ നിലയിലേക്ക് മാറുകയാണെന്ന് കേന്ദ്രം അവകാശപ്പെട്ടു. 51.5 ലക്ഷം സിലിണ്ടറുകൾ കഴിഞ്ഞ ദിവസം മാത്രം വിതരണം ചെയ്തതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പറഞ്ഞു. സംഘർഷ മേഖലകളിൽ നിന്ന് 2009ൽ കൂടുതൽ നാവികരെ തിരികെയെത്തിച്ചു. 24 മണിക്കൂറിനിടെ 81 പേർ തിരിച്ചെത്തി. ഹെൽപ് ലൈൻ നമ്പറുകൾ പ്രവർത്തനസജ്ജമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
യുഎസ്- ഇറാൻ താത്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണ് എൽപിജി ടാങ്കറായ ജഗ് വിക്രം. വെള്ളി രാത്രി മുതൽ ശനി പുലർച്ചെ വരെയുള്ള സമയത്തിനിടയിലാണ് ടാങ്കർ നിർണായക സമുദ്രപാത കടന്നതെന്നാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നത്. മാർച്ച് ആദ്യം മുതൽ പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ കപ്പലാണ് ജഗ് വിക്രം. നിലവിൽ 15 ഇന്ത്യൻ കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ശനിയാഴ്ച ഉച്ചയോടെ ടാങ്കർ ഒമാൻ ഉൾക്കടലിൽ പ്രവേശിച്ചു.
