അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം: ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Share our post

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കോളജിന്റെ ഭാഗമായി ആഭ്യന്തര അന്വേഷണത്തിനായി സമിതി രൂപീകരിച്ചിരുന്നു.

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന നെടുമങ്ങാട് സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ്ങ് ഉണ്ടായെന്നും ആരോപണമുണ്ട്.

‘അവന്‍ നന്നായി പഠിക്കുമായിരുന്നു. എച്ച്ഒഡി 10 മാര്‍ക്ക് കുറയ്ക്കുമെന്ന് അവനോട് പറഞ്ഞു. അവനെ പുഴുത്ത പട്ടി എന്ന് വിളിച്ചു. ജാതി പറഞ്ഞ് ആക്ഷേപിച്ചു. അയാളുടെ മകള്‍ ഇറങ്ങിപ്പോയതാണ്. അതിന്റെ പ്രശ്നം കോളേജിലെ കുട്ടികളുടെ മേലാണ് തീര്‍ത്തത്. പഠിക്കുന്ന പിളേളരെ അയാള്‍ക്കിഷ്ടമല്ല’, നിതിന്‍ രാജിന്റെ അമ്മ പറഞ്ഞു. ‘രണ്ടുവര്‍ഷം ഉറക്കമൊഴിഞ്ഞ് നീറ്റെഴുതിയ ആളാണ് മകന്‍. എനിക്കും എന്റെ ഭാര്യക്കും സമൂഹത്തിനും വേണ്ടി. അവന്‍ ജീവനൊടുക്കില്ല’ എന്നാണ് നിതിന്റെ പിതാവ് പറഞ്ഞത്.

കോളേജില്‍ ജോയിന്‍ ചെയ്ത സമയം മുതല്‍ കുട്ടി റാഗിങ്ങ് നേരിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. നിതിന്റെ എച്ച്ഒഡി ആയ റാം കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യം കാണിച്ചിരുന്നു. എച്ച്ഒഡിയുടെ കുടുംബപ്രശ്നങ്ങള്‍ വിദ്യാര്‍ത്ഥികളോടായിരുന്നു കാണിച്ചിരുന്നത് എന്നിങ്ങനെയാണ് ആരോപണങ്ങള്‍.

കോളേജില്‍ നേരിടുന്ന അധിക്ഷേപങ്ങളെക്കുറിച്ച് കുട്ടി വീട്ടില്‍ പറയുകയും കുറച്ചുനാള്‍ വീട്ടില്‍ വന്ന് നില്‍ക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 11 മണിക്ക് ഭക്ഷണം കഴിക്കാന്‍ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് ആവശ്യപ്പെടുകയും അവര്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിന്‍ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടന്‍ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതര്‍ വിളിച്ചുപറഞ്ഞില്ല. വാര്‍ത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!