കുതിരവട്ടത്തുനിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി പിടിയിൽ; വലയിലായത് മുംബെെയിൽ
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ചാടിപ്പോയ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. 2025 ഡിസംബർ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. മുംബൈയിൽവച്ചാണ് ബിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ അടുത്ത ദിവസം നാട്ടിലെത്തിക്കും.
മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട വിനീഷ് മുംബൈയിലെത്തുകയും തുടർന്ന് അവിടെ പലയിടങ്ങളിലായി ജോലി ചെയ്ത് ജീവിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടിലെ ഒരു ബന്ധുവുമായി ബന്ധപ്പെടാൻ ശ്രമിച്ചതോടെ പോലീസിന് ടവർ ലൊക്കേഷൻ വിവരം ലഭിച്ചു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.
2021-ലാണ് പ്രണയാഭ്യർഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇതിനിടെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2022-ൽ വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. 2022-ലും പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പോലീസിന്റെ പിടിയിലായി. ഇതിനിടെ, കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവമുണ്ടായി.
