59-ാം വയസില്‍ കന്നി വോട്ട് ചെയ്ത് അബ്ദുല്‍ സലാം; ഗള്‍ഫില്‍ നിന്ന് ലീവെടുത്ത് വന്ന് വോട്ട് രേഖപ്പെടുത്തി
പാലക്കാട്: കന്നിവോട്ടര്‍മാരുടെ നീണ്ടനിരയാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. ജെന്‍സികളില്‍ പലരുടെയും ആദ്യ നിയമസഭാ വോട്ട് എന്ന പ്രത്യേകതയും ഇന്നത്തെ വോട്ടിനുണ്ട്. എന്നാല്‍ 59ാം വയസില്‍ കന്നിവോട്ട് രേഖപ്പെടുത്തിയിരിക്കുകയാണ് അബ്ദുല്‍ സലാം.
വല്ലപ്പുഴ ചെറുകോട് കുണ്ടുപ്പള്ളിയാലില് അബ്ദുല്‍ സലാം 38 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. അതുകൊണ്ട് ഇത്രയും വര്‍ഷം ഒരു തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ലീവിന് വന്ന് വോട്ട് ചെയ്യുകയായിരുന്നു. പട്ടാമ്പി മണ്ഡലത്തിലായിരുന്നു അബ്ദുല്‍ സലാമിന്റെ വോട്ട്.
കേരളത്തില്‍ ഇതുവരെ 75.01 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര് പുരുഷന്മാരും 1,39,21,868 പേര് സ്ത്രീകളുമാണ്. 273 പേര് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.
നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര് പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിട്ടുള്ളത്.
