ജില്ലയിൽ 21,76,984 വോട്ടർമാർ
കണ്ണൂർ: നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലാ പൂർണ സജ്ജമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ. വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. സുതാര്യവും നീതിപൂർവവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.
ജില്ലയിൽ 11,24,959 സ്ത്രീകളും 10,52,014 പുരുഷന്മാരും 11 ട്രാൻസ്ജൻഡറും ഉൾപ്പെടെ 21,76,984 വോട്ടർമാരാണുള്ളത്. വോട്ടെടുപ്പിനായി 2,183 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും ഓരോ മാതൃക പോളിംഗ് സ്റ്റേഷനുകളും ആകെ 15 പിങ്ക് പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ അസി. കളക്ടർ എഹ്തെദ മുഫസിർ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഡോ. എൻ. സിബി എന്നിവരും പങ്കെടുത്തു.
6000 പോലീസ് സേനയെ വിന്യസിച്ചു
വോട്ടെടുപ്പ് സമാധാനപരമായി നടക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രസേന ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 6000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാലും അറിയിച്ചു. സിറ്റി പരിധിയിൽ കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസുമുൾപ്പെടെ 20 കമ്പനി സേനയിൽ 1500 പേരുണ്ട്. ഇതിന് പുറമെ 1300 സ്പെഷൽ പോലീസുമുണ്ട്. 771 പ്രശ്നസാധ്യത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ട്.
അകത്തും പുറത്തും നിരീക്ഷണം
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പുറത്തുവരുന്നതുവരെയുള്ള മുഴുവൻ നടപടികളും സിസി ടിവി മുഖേന ജില്ലാതലത്തിലും മണ്ഡലതലത്തിലുമുള്ള കൺട്രോൾ റൂമുകളിൽ നിന്ന് നിരീക്ഷിക്കും. പോളിംഗ് ഡ്യൂട്ടിക്കായി 10,488 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇവരെ ബൂത്തുകളിൽ എത്തിക്കാൻ സർക്കാർ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങളും വിന്യസിക്കും.
നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഇന്നലെ വൈകുന്നേരം ആറുമുതൽ 48 മണിക്കൂർ ജില്ലയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃത ആൾക്കൂട്ടങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ പുറത്ത്
വോട്ടെടുപ്പിനിടെ മൊബൈൽ ഫോൺ ബൂത്തിലേക്ക് കൊണ്ടുപോകാൻ പാടില്ല. മൊബൈൽ ഫോൺ സൂക്ഷിക്കാൻ സംവിധാനമൊരുക്കും. ഓരോ ബൂത്തിലുമുള്ള സന്നദ്ധപ്രവർത്തകർ (എൻസിസി/എൻഎസ്എസ് വളണ്ടിയർമാർ) വോട്ടർമാരെ സഹായിക്കും.
ക്രമക്കേട് നടന്നാൽ ബന്ധപ്പെടാം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് പോലീസ് സേവനത്തിനായി 9497927740, 9497935648 നമ്പറുകളിൽ ബന്ധപ്പെടാം. ഈ നമ്പറുകളിൽ വാട്സാപ്പ് വഴി സന്ദേശമായും ഓഡിയോ, വീഡിയോ ആയും ക്രമക്കേട് ശ്രദ്ധയിൽപ്പെടുത്താം.
തെരഞ്ഞെടുപ്പ് സാധനങ്ങളുടെ വിതരണ കേന്ദ്രങ്ങൾ:
തെരഞ്ഞെടുപ്പ് സാധന സാമഗ്രികൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ ഇന്ന് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. വോട്ടിംഗ് പൂർത്തിയാക്കിയശേഷം അതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കുകയും വേണം. പയ്യന്നൂർ-ജിവിഎച്ച്എസ്എസ് പയ്യന്നൂർ, കല്യാശേരി-ഗവ. ഗേൾസ് എച്ച്എസ്എസ് മാടായി, തളിപ്പറമ്പ്- ടാഗോർ വിദ്യാനികേതൻ ജിവിഎച്ച്എസ്എസ്, ഇരിക്കൂർ-ഗവ. എച്ച്എസ്എസ് കുറുമാത്തൂർ,അഴീക്കോട്-കെഎംഎം ഗവ. വിമൻസ് കോളജ് കണ്ണൂർ, കണ്ണൂർ-ജിവിഎച്ച്എസ്എസ് കണ്ണൂർ, ധർമടം- ജിഎച്ച്എസ്എസ് പാലയാട്, തലശേരി-ഗവ.ബ്രണ്ണൻ കോളജ് തലശേരി, കൂത്തുപറമ്പ്- നിർമലഗിരി കോളജ് കൂത്തുപറമ്പ്, മട്ടന്നൂർ- എച്ച്എസ്എസ്മട്ടന്നൂർ, പേരാവൂർ-സെന്റ് ജോസഫ്സ് എച്ച്എസ് തൊണ്ടിയിൽ.
വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ ശക്തമായ സുരക്ഷയിൽ സൂക്ഷിക്കുകയും ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് എച്ച്എസ്എസ്, ഗവ. ബ്രണ്ണൻ കോളജ് തലശേരി എന്നീ മൂന്ന് കേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
