പിള്ളേര് മോഡിഫൈ ചെയ്യട്ടെ, യുഡിഎഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകും- വി.ഡി. സതീശൻ
വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അതേസമയം വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അതിൽ ഭൂരിഭാഗവും യുവജനങ്ങളാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ പോസ്റ്റ് ചെയ്തത്. ചോദ്യത്തിന് മറുപടിയായി വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ഇതിന് അനുമതി നൽകുമെന്നുമാണ് അദ്ദേഹം പറയുന്നത്.
‘പ്രകടനപത്രികയിൽ ഞങ്ങൾ അത് പറഞ്ഞിട്ടുണ്ട്. അപകടകരമല്ലാത്ത രീതിയിൽ വണ്ടിയിൽ നടത്തുന്ന മോഡിഫിക്കേഷനുകൾ തെറ്റല്ല. അപകടകരമായ രീതിയിൽ വെക്കുമ്പോൾ മാത്രമാണ് അത് തെറ്റാകുന്നത്. അത് സമ്മതിക്കില്ല. അല്ലാതെയുള്ള മോഡിഫിക്കേഷൻസ് നടത്തട്ടെ. ചെറുപ്പക്കാർക്കൊക്കെ അത് വലിയ ആഗ്രഹമല്ലേ. അവരത് ഭംഗിയായി കൊണ്ടുനടക്കുന്നതല്ലേ. അത് കൊണ്ടുനടക്കട്ടെ, അതിലെന്താ തെറ്റ്?’ -വി.ഡി. സതീശൻ പറഞ്ഞു.
‘പ്രളയസമയത്ത് അവരുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ഉണ്ടായിട്ടുണ്ട്. അവരെല്ലാം വണ്ടിയുമായി വന്നു. പിന്നീട് അവരെ പിറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് അത് മാറി. അതുകൊണ്ടാണ് യുഡിഎഫ് അത് ഗൗരവമായി ആലോചിച്ചത്.’ -അദ്ദേഹം തുടർന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂർ തികയും മുമ്പ് 52 ലക്ഷം പേരാണ് റീൽ കണ്ടത്. പ്രതിപക്ഷനേതാവിന്റെ വാക്കുകളെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേരാണ് റീലിന് താഴെ കമന്റുകളിട്ടത്.
