ഇന്ത്യൻ പൗരന്മാർ ഉടൻ ഇറാൻ വിടണമെന്ന് കേന്ദ്ര സർക്കാർ
ടെഹ്റാൻ: ഇറാനിലെ യുദ്ധസാഹചര്യത്തിൽ നേരിയ അയവുണ്ടായെങ്കിലും അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഏപ്രിൽ ഏഴിന് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം.
മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം. ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം രാജ്യംവിടണം.
എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഒരു കാരണവശാലും അന്താരാഷ്ട്ര കര അതിർത്തികൾ കടക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. അടിയന്തര സഹായത്തിനായി പ്രത്യേക ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും എംബസി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചത്തെ സൈനിക നടപടികൾ നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഈ രണ്ടാഴ്ച ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ വെടിനിർത്തൽ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് ഇന്ത്യക്കാരോട് മടങ്ങാൻ ആവശ്യപ്പെടുന്നത്.
