കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം; പൊട്ടിക്കരഞ്ഞ് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി

Share our post

അടൂർ: വ്യാജ ലഘുലേഖ പ്രചരണത്തിൽ വൈകാരികമായി പ്രതികരിച്ച് അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി വി ശാന്തകുമാർ. കൊലക്കേസ് പ്രതിയെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തുന്നുവെന്നും തന്നെ തേജോവധം ചെയ്യുകയാണെന്നും പറഞ്ഞ് അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഒരു കൊലക്കേസിലും താൻ പ്രതിയല്ലെന്നും തന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് ലഘുലേഖകൾ ഇറക്കിയതിന് പിന്നിൽ സിപിഐഎം ആണെന്നും ശാന്തകുമാർ ആരോപിച്ചു. തന്റെ പേരിൽ ഒരു എഫ്‌ഐആറുമില്ല, ഉണ്ടെന്ന് തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘തന്നെ വ്യക്തിഹത്യ ചെയ്യാൻ ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു. തനിക്ക് സങ്കടമുണ്ട് ഇങ്ങനെ ഒരു നോട്ടീസ് ഇറക്കിയതിൽ. സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ആളാണ് ഞാൻ.

എന്റെ ജീവന് പോലും ഭീഷണിയുണ്ട്. താൻ ഒരു കേസിലും പ്രതിയല്ല. ഇവിടെ നീതിന്യായ വ്യവസ്ഥ ഇല്ലേ. താനിപ്പോഴും ഗ്രാമപഞ്ചായത്ത് അംഗമാണ്. കളക്ടർ അന്വേഷിച്ചിരുന്നു എനിക്കെതിരെ കേസ് ഉണ്ടോ എന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ തനിക്ക് വിശ്വാസമുണ്ട്. ഒരു കേസിലും ഞാന്‍ പ്രതിയല്ല

തന്നെ തേജോവധം ചെയ്യരുത്. പ്രതികളെ കണ്ടെത്താൻ കളക്ടർ നിർദ്ദേശിച്ചിരുന്നു. സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ് തന്റെ ആവശ്യം. ഞാന്‍ പ്രതിയാണ് എന്നാണ് നോട്ടീസിൽ പറയുന്നത്. ഒരു കോടതിയും എന്നെ ശിക്ഷിച്ചിട്ടില്ല. നിലവിൽ ഒരു കേസും തനിക്കെതിരെ ഇല്ല.

പട്ടികജാതിക്കാരനായ എന്നെ ആക്ഷേപിക്കാനാണ് ശ്രമം. ജനം തീരുമാനിക്കട്ടെ ആര് തോൽക്കണം ആര് ജയിക്കണമെന്ന്. ഞാന്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥി അല്ല. ഞാന്‍ തുമ്പമണ്ണിൽ ആണ് ജനിച്ചത്. എൻ്റെ പേരിൽ ഒരു എഫ്ഐആറും ഇല്ല’.

നോട്ടീസ് വിതരണം ചെയ്തവരെ വിട്ടയച്ചതിൽ അടൂർ ആർഡിഒ ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടയിലാണ് വൈകാരികമായി സ്ഥാനാർത്ഥി മാധ്യമങ്ങളോട് സംസാരിച്ചത്. നോട്ടീസിൽ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും വ്യക്തിഹത്യ ചെയ്യാനും ഇല്ലായ്മ ചെയ്യാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് പ്രവർത്തകർ തന്നെ വധിക്കാൻ വേണ്ടിയാണ് നിൽക്കുന്നതെന്നും ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ സിപിഐ പ്രവർത്തകരാണ് പിടിയിലായതെന്നാണ് കോൺഗ്രസ് ആരോപിച്ചത്. സംഭവത്തിൽ അടൂർ പൊലീസ് സ്‌റ്റേഷനിൽ രണ്ടുപേരും ഏനാത്ത് പൊലീസ് സ്റ്റേഷനിൽ ഒരാളും പിടിയിലായിരുന്നു. സിപിഐഎം സിപിഐ നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് ഇവരെ വിട്ടയച്ചു . ഏകപക്ഷീയമായി എൽഡിഎഫ് പ്രവർത്തകർക്ക് എതിരെ നടപടിയെടുത്ത ജില്ലാ കളക്ടർക്ക് എതിരെ നടപടിവേണെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!