വിമാനയാത്രാ പ്രതിസന്ധിയും ടിക്കറ്റ് നിരക്ക് വർധനയും തിരിച്ചടി; പ്രവാസി വോട്ടുകൾ അനിശ്ചിതത്വത്തിൽ
കോഴിക്കോട്: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പ്രവാസി വോട്ടുകൾ പോൾ ചെയ്യുന്നതിലെ അനിശ്ചിതത്വം രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാക്കുന്നു. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാടാക്കി വോട്ടർമാരെ നാട്ടിലെത്തിക്കാറുണ്ടായിരുന്നുവെങ്കിലും ഇത്തവണത്തെ യുദ്ധസാഹചര്യം യാത്രകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ സാധാരണക്കാരായ പ്രവാസികൾക്ക് നാട്ടിലെത്തുക പ്രയാസകരമായിരിക്കുകയാണ്. മുൻപ് 13,000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം രൂപ വരെയായതായി കെ.എം.സി.സി ഭാരവാഹി സുൽഫി ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ നേരിട്ടുള്ള വിമാനങ്ങളുടെ കുറവും യാത്രയ്ക്കെടുക്കുന്ന അധിക സമയവും പ്രവാസികളെ വലയ്ക്കുന്നുണ്ട്.
ടിക്കറ്റ് നിരക്ക് വർധന പോലെതന്നെ മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യവും പ്രവാസികൾക്ക് തിരിച്ചടിയാവുന്നുണ്ട്. മുൻപ് സംഘടനകൾ മുൻകൈ എടുത്ത് ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ചെലവ് വലിയ തോതിൽ വർധിച്ചതിനാൽ അത് പ്രായോഗികമായിട്ടില്ല.
ഒരു വിമാനം ചാർട്ടർ ചെയ്യുന്നതിന് ഏകദേശം ഒരുകോടി രൂപയോളം ചെലവ് വരുന്നത് കാരണം മുൻപ് എത്തിച്ചിരുന്നതിന്റെ പകുതിയോളം പേരെ മാത്രമേ ഇത്തവണ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. പ്രവാസി വോട്ടർമാരുടെ എണ്ണത്തിലുണ്ടാകുന്ന ഈ കുറവ് തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
സംസ്ഥാനത്ത് ആകെ 2,23,558 പ്രവാസി വോട്ടർമാരാണുള്ളത്. ഇതിൽ ആയിരത്തിലധികം പ്രവാസി വോട്ടർമാരുള്ള 47 മണ്ഡലങ്ങൾ കേരളത്തിലുണ്ട്. ഏറ്റവും കൂടുതൽ പ്രവാസി വോട്ടർമാരുള്ളത് കുറ്റ്യാടി മണ്ഡലത്തിലാണ്; 16,002 പേർ. നാദാപുരം (12,424), തിരൂർ (8,601) എന്നീ മണ്ഡലങ്ങളിലും വലിയ തോതിൽ പ്രവാസി വോട്ടർമാരുണ്ട്.
