ട്രെയിൻ യാത്ര ഒഴിവാക്കണം, ഇറാനിൽ ട്രെയിൻ യാത്രകൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്; പിന്നിൽ ട്രംപിന്റെ ഭീഷണിയോ?

Share our post

അമേരിക്ക, ഇറാൻ, ഇസ്രയേൽ സംഘർഷം ഭീതിജനകമായി പുതിയ തലങ്ങളിലേക്ക് കടക്കുന്നതിനിടെ ഇറാനിലെ സാധാരണക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ സേന. ഇറാനിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് എക്സ് അക്കൗണ്ടിലൂടെ പേർഷ്യൻ ഭാഷയിൽ ഇസ്രയേൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇറാൻ സമയം രാത്രി 9 മണി വരെ (ഇന്ത്യൻ സമയം രാത്രി 11) ട്രെയിൻ യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

സുരക്ഷയെ മുൻനിർത്തി, ഈ നിമിഷം മുതൽ രാത്രി 9 മണി വരെ ഇറാനിലുടനീളം ട്രെയിൻ യാത്രകൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു. ട്രെയിനുകളിലോ റെയിൽവേ ലൈനുകൾക്ക് സമീപമോ ഉള്ള സാന്നിധ്യം ജീവന് ഭീഷണിയായേക്കാമെന്ന് ഐഡിഎഫ് മുന്നറിയിപ്പിൽ പറയുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഗതാഗത മാർഗ്ഗങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കത്തിന്റെ സൂചനയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ട്രംപിന്റെ അന്ത്യശാസനമാണോ കാരണം

ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപും രംഗത്തെത്തി. ഇറാനിലെ മുഴുവൻ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. 45 ദിവസത്തെ വെടിനിർത്തൽ കരാർ ഇറാൻ തള്ളുകയും യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണിത്.

ഒരൊറ്റ രാത്രി കൊണ്ട് ഇറാന്റെ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും തകർക്കാൻ ഞങ്ങൾക്ക് സാധിക്കും. എല്ലാ പാലങ്ങളും വൈദ്യുതി നിലയങ്ങളും നാല് മണിക്കൂറിനുള്ളിൽ ചാമ്പലാക്കുമെന്നാണ് ട്രംപ് പറയുന്നത്.

സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം: സിവിലിയൻ പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുന്നത് യുദ്ധക്കുറ്റമല്ലേ എന്ന ചോദ്യത്തിന്, കഴിഞ്ഞ മാസം 45,000 പ്രതിഷേധക്കാരെ കൊന്നൊടുക്കിയ ഇറാൻ സർക്കാരിന്റെ നടപടിയാണ് യഥാർത്ഥ യുദ്ധക്കുറ്റമെന്ന് ട്രംപ് മറുപടി നൽകി.

ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ജനങ്ങളെ ബാധിക്കില്ലേ എന്ന ചോദ്യത്തിന്, സ്വാതന്ത്ര്യത്തിന് വേണ്ടി ഇറാനിലെ ജനങ്ങൾ ഇത്തരം കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നിലവിലെ ഭരണകൂടത്തിൽ നിന്ന് മോചനം ലഭിക്കാൻ അമേരിക്ക ബോംബാക്രമണം തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.

ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്റെ മുന്നറിയിപ്പും ട്രംപിന്റെ അന്ത്യശാസനവും ഇറാനുമായുള്ള നേരിട്ടുള്ള പൂർണ്ണതോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പ്രത്യാക്രമണത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!