എണ്ണയും വാതകവും ഇല്ലാതാക്കും; മുന്നറിയിപ്പുമായി ഇറാൻ

Share our post

തെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കൻ – ഇസ്രയേൽ സഖ്യം നടത്തുന്ന സാമ്രാജ്യത്വ കടന്നാക്രമണം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ഇസ്രയേൽ ആക്രമണം തുടരുന്ന ഘട്ടത്തിൽ അയൽരാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്. ഖാർ​ഗിലും കഷാൻ റെയിൽവേ പാലത്തിലും ഇസ്രയേൽ നടത്തിയ ആക്രമണത്തിനും, ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനും പിന്നാലെയാണ് മുന്നറിയിപ്പ്. തങ്ങളുടെ ക്ഷമ നശിച്ചെന്നും അമേരിക്കൻ സഖ്യകക്ഷികളുടെ പശ്ചാത്തല സൗകര്യങ്ങൾ ഇനി ലക്ഷ്യമിടുമെന്നും ഐആർജിസി വ്യക്തമാക്കി.

അമേരിക്കൻ ഭീകരസേന ‘ചുവപ്പ് രേഖ’ ലംഘിച്ചാൽ ഇറാന്റെ പ്രതികരണം പ്രാദേശിക അതിരുകൾ കടക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. അയൽ രാജ്യങ്ങളുമായുള്ള സൗഹൃദം കണക്കിലെടുത്ത് ഇതുവരെ പുലർത്തിയിരുന്ന സംയമനം ഉപേക്ഷിക്കുകയാണെന്ന കാര്യം അമേരിക്കയുടെ പങ്കാളികൾ തിരിച്ചറിയണമെന്നും ഇറാൻ ഓർമിപ്പിച്ചു.

അമേരിക്കൻ ആക്രമണം ഉണ്ടായാൽ യുഎസ് സഖ്യരാജ്യങ്ങളുടെ എണ്ണ-വാതക വിതരണം വർഷങ്ങളോളം തടസപ്പെടുത്തുമെന്നും ഐആർജിസി ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ പശ്ചാത്തല സൗകര്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈന്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്നും വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് തുറക്കാൻ ചൊവ്വാഴ്ച രാത്രി എട്ടു മണി വരെയാണ് ട്രംപ് നൽകിയിരുന്ന സമയം. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രധാന എണ്ണകയറ്റുമതി കേന്ദ്രമായ ഖാർ​ഗ് ഇസ്രയേൽ ആക്രമിച്ചത്. മണിക്കൂറുകൾക്കുള്ളിൽ കഷാൻ റെയിൽവേ പാലവും വ്യോമാക്രമണത്തിൽ ഇസ്രയേൽ സൈന്യം തകർത്തു.

അതേസമയം ഇറാൻ ന​ഗരം ഇന്ന് രാത്രിയോടെ ഇല്ലാതാകുമെന്ന ക്രൂരമായ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് തന്റെ യുദ്ധവെറി ട്രംപ് വീണ്ടും പുറത്തെടുത്തത്. ഒരു രാത്രി കൊണ്ട് ഇറാനെ തകർക്കുമെന്നും 47 വർഷത്തെ കൊള്ളയും അഴിമതിയും അവസാനിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പോസ്റ്റ്. അമേരിക്കയുടെ വെടിനിർത്തൽ നിർദേശങ്ങൾ ഇറാൻ നേരത്തെ തള്ളിയിരുന്നു. സാമ്രാജ്യത്വ ശക്തികളുടെ ഈ യുദ്ധാവേശവും ഭീഷണികളും പശ്ചിമേഷ്യയെ മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. ലോക സമാധാനത്തിന് ഭീഷണിയാകുന്ന ഈ അധിനിവേശ നീക്കത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്ക ഉയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!