ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണമടച്ചുള്ള യാത്ര പറ്റില്ല, യുപിഐ ആണെങ്കിൽ ഇരട്ടിയിലധികം നൽകണം

Share our post

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ 10 മുതൽ പണമടച്ചുള്ള യാത്ര അവസാനിപ്പിക്കാൻ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം തീരുമാനിച്ചു. ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാവും. ഇത് സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി.

പുതിയ നിയമം പ്രകാരം, ഫാസ്ടാഗ് ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) വഴി തുക അടക്കാം. എന്നാൽ, അത്തരം സന്ദർഭങ്ങളിൽ ബാധകമായ ടോൾ നിരക്കിന്റെ 1.25 മടങ്ങ് അധിക തുക അടക്കേണ്ടി വരും. ഫലത്തിൽ ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ ഇരട്ടിയിലധികം പിഴ നൽകണം.

ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാനും യാത്ര സുഗമമാക്കാനുമാണ് നടപടിയെന്ന് എൻഎച്ച്എഐ അവകാശപ്പെടുന്നു. ഏപ്രിൽ 10 മുതൽ ടോൾ ബൂത്തുകളിൽ പണമടച്ചുള്ള ഇടപാടുകൾ ഉണ്ടാകില്ല. ഫാസ്ടാഗ് തന്നെയായിരിക്കും പ്രധാന ടോൾ ഈടാക്കൽ രീതി. സാധുവായ ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങൾക്കുള്ള ബാക്കപ് പേയ്മെന്റ് ഓപ്ഷനായിരിക്കും യുപിഐ. ഇതാവട്ടെ ഇരട്ടിയും കാൽ ശതമാനവും അധികം പിഴ ഈടാക്കിയാവും.

“ഫാസ്ടാഗ് അല്ലെങ്കിൽ പ്രവർത്തനക്ഷമമായ ഫാസ്ടാഗ് ഇല്ലാതെ ഒരു വാഹന ഉടമ ടോൾ പ്ലാസയിൽ പ്രവേശിക്കുകയും യുപിഐ വഴി നിരക്ക് അടക്കാൻ തീരുമാനിക്കുകയും ചെയ്താൽ, ആ വാഹന വിഭാഗത്തിന് ബാധകമായ നിരക്കിന്റെ 1.25 മടങ്ങ് തുക നൽകണം.” എന്നാണ് വിശദീകരണം.

പ്രതിവർഷം 3,000 രൂപ നൽകിയാൽ 200 ടോൾ ക്രോസിങ്ങുകൾ വരെ നടത്താവുന്ന പാസാണ് എൻഎച്ച്എഐ നൽകുന്നത്. ദേശീയപാത അതോറിറ്റിയുടെ ഈ ഫാസ്ടാഗ് പാസിന് 50 ലക്ഷത്തിലധികം വരിക്കാരുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. . ഓഗസ്റ്റ് 15-ന് ആരംഭിച്ചതുമുതൽ ഇതുവരെ 26.55 കോടിയിലധികം ഇടപാടുകളാണ് ഈ പാസിലൂടെ നടന്നത്.

രാജ്യത്തെ വിവിധ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമായി 1,150-ലധികം ടോൾ പ്ലാസകളുണ്ട്. പണമിടപാട് നിർത്തലാക്കുന്നതോടെ ഇവയിലെ തിരക്ക് ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ അവകാശവാദം. അതേസമയം, ഫാസ്ടാഗ് നിർബന്ധമാക്കുന്നതിനാൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് കനത്ത പിഴയും ഇരട്ടി നിരക്കും നൽകേണ്ടി വരും. സ്ഥിരം ടോൾ കടക്കാത്തവരും വര്‍ഷം നിശ്ചിത തുക ഈ ഇനത്തിൽ നൽകേണ്ടി വരുന്ന സാഹചര്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!