മൂന്ന് കമ്പനികളിൽനിന്ന് ഒരുകോടിയോളം രൂപ തട്ടി; മുൻ അക്കൗണ്ടന്റും സുഹൃത്തുക്കളും പിടിയിൽ

Share our post

സുൽത്താൻബത്തേരി: മൂന്ന് സ്വകാര്യകമ്പനികളിൽനിന്നായി ഒരുകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. അക്കൗണ്ടന്റായിരുന്ന ബത്തേരി കുപ്പാടി ചെമ്പകപള്ളി വീട്ടിൽ സി.ബി. പ്രവീൺ (26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ ബേസിൽ വർഗീസ് (26), ബത്തേരി പുന്നശ്ശേരിയിൽ പി.ആർ. അശ്വിൻരാജ് (25) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റുചെയ്തത്.

2023 ജനുവരിമുതൽ 2025 മാർച്ചുവരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. മൂന്ന് കമ്പനികളുടെയും അക്കൗണ്ടുകൾ കൈകാര്യംചെയ്തിരുന്നത് പ്രവീണായിരുന്നു. യഥാർഥ തുകയെക്കാൾ കൂടിയ തുക ജി.എസ്.ടി.യിൽ അടച്ചതായി വരുത്തി ഉടമയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കൂടിയ തുകയാണ് അടയ്ക്കാനുള്ളതെന്നു കാണിച്ച് ചെക്ക് വാങ്ങി ജി.എസ്.ടി.യിലേക്ക് അടയ്ക്കാനുള്ള തുക അടയ്ക്കുകയും കൂടിയ തുക സുഹൃത്തുക്കളായ ബേസിൽ വർഗീസ്, അശ്വിൻരാജ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു.

ഇത്തരത്തിൽ 70 ലക്ഷംരൂപയോളം തട്ടിയെടുത്തു. കൂടാതെ, തൊഴിലാളികളുടെ പി.എഫ്., ഇ.എസ്.ഐ. എന്നിവ തിരിമറി നടത്തുകയും ചെയ്തു. ഒരു തൊഴിലാളിയുടെ ചികിത്സയ്ക്ക് ആവശ്യമായിവന്ന പണം ഇ.എസ്.ഐ. അക്കൗണ്ടിനു പകരം സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽനിന്ന് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇത്തരത്തിൽ 1.16 കോടിരൂപയാണ് തട്ടിയെടുത്തതെന്ന് പോലീസ് അറിയിച്ചു. കള്ളത്തരം പിടിക്കപ്പെട്ടതോടെ 35 ലക്ഷംരൂപ ഇയാൾ തിരിച്ചടയ്ക്കുകയായിരുന്നു. തുടർന്നാണ് ഉടമ പരാതി നൽകിയതെന്നും പോലീസ് അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!