അമരാവതി ഇനി ആന്ധ്രയുടെ ഔദ്യോഗിക തലസ്ഥാനം, രാഷ്ട്രപതിയുടെ അംഗീകാരമായി
അമരാവതി: ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അന്ത്യം. 2026-ലെ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ഇതോടെ അമരാവതിക്ക് സംസ്ഥാനത്തിന്റെ നിയമപരമായ ഏക തലസ്ഥാനം എന്ന പദവി കൈവന്നു. രാഷ്ട്രപതിയുടെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കി.
2014-ൽ സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോൾ ഉണ്ടായ ഭരണപരമായ അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ അറുതിയായത്. പുതിയ നിയമപ്രകാരം, അമരാവതി ആന്ധ്രപ്രദേശിന്റെ സ്ഥിരമായ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടു.
2014-ലെ വിഭജന കരാർ പ്രകാരം ഹൈദരാബാദ് പത്ത് വർഷത്തേക്ക് ആന്ധ്രയുടെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാനമായിരുന്നു. ഈ കാലാവധി കഴിഞ്ഞതോടെ സംസ്ഥാനത്തിന് സ്വന്തമായി ഒരു തലസ്ഥാനം വേണമെന്ന ആവശ്യം ശക്തമായി. പുതിയ ഭേദഗതി പ്രകാരം, ഹൈദരാബാദിന്റെ സംയുക്ത തലസ്ഥാന പദവി അവസാനിച്ച അതേ ദിവസം മുതൽ തന്നെ അമരാവതി ആന്ധ്രയുടെ ഔദ്യോഗിക തലസ്ഥാനമായി മാറി.
