ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും; പുതുക്കിയ നിരക്ക് ഏപ്രിൽ എട്ട് മുതൽ

Share our post

ന്യൂഡൽഹി : ഇൻഡിഗോയ്ക്കു പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ധന സർചാർജ് വർധിപ്പിച്ചു. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നത് ദൂരമനുസരിച്ച് 299 രൂപ മുതൽ 899 രൂപയാക്കി പരിഷ്കരിച്ചു. ആഭ്യന്തര സർവീസുകൾക്കുള്ള പുതുക്കിയ സർചാർജ് ഏപ്രിൽ 8ന് രാവിലെ 9.01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ മാർച്ച് 10നാണ് എയർ ഇന്ത്യ സർചാർജ് പ്രഖ്യാപിച്ചത്. ഇതാണ് ഏകദേശം ഒരു മാസമാകുന്നതിനു മുൻപ് വീണ്ടും പരിഷ്കരിക്കുന്നത്. ഏവിയേഷൻ ഇന്ധനത്തിന്റെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. രാജ്യാന്തര സർവീസുകൾക്കാണ് ഇന്ധന സർചാർജ് കുതിച്ചുയർന്നത്.

ആഭ്യന്തര സർവീസുകളിലെ നിരക്കുകൾ
(നിലവിൽ ദൂരവ്യത്യാസമില്ലാതെ എല്ലാ റൂട്ടുകളിലും 399 രൂപയായിരുന്നു നിരക്ക്)

. 0–500 കിലോമീറ്റർ: 299 രൂപ
. 501–1000 കിലോമീറ്റർ: 399 രൂപ
. 1001–1500 കിലോമീറ്റർ: 549 രൂപ
. 1501–2000 കിലോമീറ്റർ: 749 രൂപ
. 2000 കിലോമീറ്ററിനു മുകളിൽ: 899 രൂപ 

രാജ്യാന്തര സർവീസുകൾ: നിരക്ക് വർധനയിങ്ങനെ
(രാജ്യം, നിലവിലെ നിരക്ക്, പുതിയ നിരക്ക് എന്ന ക്രമത്തിൽ)

∙ സാർക് രാജ്യങ്ങൾ (ബംഗ്ലാദേശ് ഒഴികെ): 399 രൂപ (5 ഡോളർ), 24 ഡോളർ
∙ മിഡിൽ ഈസ്റ്റ്/പശ്ചിമേഷ്യ: 10 ഡോളർ, 50 ഡോളർ
∙ സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന: 60 ഡോളർ, 100 ഡോളർ
∙ സിംഗപ്പൂർ: 60 ഡോളർ, 60 ഡോളർ
∙ ആഫ്രിക്ക: 90 ഡോളർ, 130 ഡോളർ
∙ യൂറോപ്പ് (ബ്രിട്ടൻ അടക്കം): 125 ഡോളർ, 205 ഡോളർ
∙ നോർത്ത് അമേരിക്ക: 200 ഡോളർ, 280 ഡോളർ
∙ ഓസ്ട്രേലിയ: 200 ഡോളർ, 280 ഡോളർ

(ഇതിൽ സാർക്, പശ്ചിമേഷ്യ / മിഡിൽ ഈസ്റ്റ്, ചൈന, സൗത്ത് ഈസ്റ്റ് ഏഷ്യ, സിംഗപ്പൂർ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 8 രാവിലെ 9.01 മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ബാധകമാകും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രിൽ 10ന് പുലർച്ചെ ഒന്ന് മുതലുള്ള ബുക്കിങ്ങുകൾക്ക് ബാധകം.)

ബ്രിട്ടനിലേക്കും യൂറോപ്പിലേക്കുമുള്ള സർചാർജ് 200 ഡോളറായിരുന്നത് 280 ഡോളറായി വർധിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള 10 ഡോളറായിരുന്നത് 50 ഡോളറായി വർധിക്കും. ബംഗ്ലാദേശ്, ജപ്പാൻ, ഹോങ്കോങ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പുതുക്കിയ ഇന്ധന സർചാർജ് പിന്നീട് പ്രഖ്യാപിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!