വീട്ടിലെ വോട്ട്; ചെറിയ ബാലറ്റ് പേപ്പർ നിക്ഷേപിക്കാൻ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? അടിമുടി ദുരൂഹത:സണ്ണി ജോസഫ്
ഇരിട്ടി: ‘വീട്ടിലെ വോട്ടി’ന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയിലേത് വലിയ ദ്വാരമാണെന്നും അടിമുടി ദുരൂഹത ഉയര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ്. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വീട്ടിലെ വോട്ടിന് ഉപയോഗിക്കുന്ന ബാലറ്റ് പെട്ടിയുടെ ദ്വാരത്തിന്റെ വലിപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫിന്റെ ആരോപണം. ബാലറ്റുപെട്ടിക്ക് എന്തിനാണ് വിരലുകള്‍ കടത്തിവിടാന്‍ കഴിയുന്ന വിധം വലിപ്പമുള്ള ദ്വാരം എന്ന് സണ്ണി ജോസഫ് ചോദിച്ചു.
ചെറിയ ബാലറ്റ് പേപ്പര്‍ നിക്ഷേപിക്കാന്‍ ദ്വാരത്തിന് ഇത്ര വലിപ്പം വേണോ? ഒരു സുരക്ഷിതത്വവും ഇല്ല. ബാലറ്റ് പെട്ടി കുത്തനെ പിടിച്ചാല്‍ ബാലറ്റ് പുറത്തേക്ക് വീഴും. ഈര്‍ക്കിലിയോ ചെറിയ കമ്പി കഷണമോ ഉപയോഗിച്ച് ദ്വാരത്തിലൂടെ ബാലറ്റ് എളുപ്പത്തില്‍ പുറത്തെടുക്കാന്‍ പറ്റും എന്നും സണ്ണി ജോസഫ് പറഞ്ഞു.
അമ്പലങ്ങളിലും പള്ളികളിലും നേര്‍ച്ചപ്പെട്ടിക്ക് ഉണ്ടാക്കിയ ദ്വാരം മാത്രമേ ഇതിനും ആവശ്യമുള്ളൂ. യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുമെന്ന ധാരണയില്‍ ചിത്രം സഹിതം ജില്ലാ വരണാധികാരി കൂടിയായ ജില്ലാകളക്ടറുമായി സംസാരിച്ചു. പരിഹാരം ഉണ്ടാക്കാമെന്ന് പറയുന്നതിന് പകരം തട്ടിക്കയറുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്ന് സണ്ണി ജോസഫ് പറഞ്ഞു. അദ്ദേഹം ഭരണകക്ഷിയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തുന്ന മനപൂര്‍വ്വവും ബോധപൂര്‍വ്വവുമായ ശ്രമമാണോയെന്ന് സംശയിക്കുന്നതായി സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് സര്‍ക്കാരല്ല. കമ്മീഷനാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
