പത്ത് വർഷം ഒരു വർഗീയ സംഘർഷവും കേരളത്തിലുണ്ടായില്ല: പിണറായി വിജയൻ
മട്ടന്നൂർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഗീയ സംഘർഷവും വർഗീയ കലാപവുമില്ലാതെയാണ് കേരളം കടന്നു പോയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരെയും ചേർത്തുപിടിക്കുകയാണ് എൽഡിഎഫിന്റെ നയമെന്നും വലിയ ഭൂരിപക്ഷത്തോടെ തുടർഭരണമുണ്ടാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചാവശേരിയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാട് വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയപ്പോൾ സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2018 ലെ പ്രളയം, കാലവർഷക്കെടുതി, കോവിഡ് മഹാമാരി, മുണ്ടക്കൈ, ചൂരൽമല ദുരന്തങ്ങളിൽ പോലും കേന്ദ്രം സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
