നുഴഞ്ഞു കയറി മറീനുകൾ; കവചമായി പോർവിമാനങ്ങൾ; സിനിമയെ വെല്ലുന്ന ത്രില്ലർ ദൗത്യം– യുഎസ് പൈലറ്റിനെ രക്ഷിച്ചതിങ്ങനെ

Share our post

വാഷിങ്ടൻ: “ഞങ്ങൾ അവനെ വീണ്ടെടുത്തു”– ഇറാനിൽ തകർന്നു വീണ എഫ്–15 ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ സാഹസികമായ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഒടുവിൽ രക്ഷപ്പെടുത്തിയശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിങ്ങനെ. അമേരിക്കയ്ക്ക് നാണക്കേടായി ഒറ്റദിവസം ഇറാൻ വെടിവച്ചിട്ടത് എഫ്–15 ഇ ഉൾപ്പെടെ 2 വിമാനങ്ങളാണ്. അതിൽനിന്ന് കരകയറാൻ സർവശക്തിയും ഉപയോഗിച്ചാണ് അമേരിക്ക ഇറാന്റെ മണ്ണിൽ തിരച്ചിൽ നടത്തിയത്. പൈലറ്റിനെ ഇറാൻ‍ പിടികൂടിയിരുന്നെങ്കിൽ അമേരിക്ക പ്രതിരോധത്തിലാകുമായിരുന്നു. ഏതു നിമിഷവും എത്തിയേക്കാവുന്ന മിസൈലുകൾ, റവല്യൂഷനറി ഗാർഡ്സിന്റെ ശക്തമായ പ്രതിരോധം ഇതെല്ലാം മറികടന്നാണ് ഇറാന്റെ മണ്ണിൽനിന്ന് പൈലറ്റിനെ യുഎസ് രക്ഷിച്ചെടുത്തത്. കേണൽ റാങ്കിലുള്ള വൈമാനികനാണ് ഇതെന്നാണു വിവരം.

പൈലറ്റ് പിടിയിലായിരുന്നെങ്കിൽ അതു വച്ച് ഇറാൻ യുഎസുമായി വിലപേശൽ നടത്തുമായിരുന്നെന്നും അത് യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കുമായിരുന്നെന്നും യുദ്ധനിരീക്ഷകർ കരുതുന്നു. തങ്ങളുടെ പൈലറ്റിനെ രക്ഷിച്ചെടുക്കാൻ യുഎസ് ഇറാന്റെ ആവശ്യങ്ങൾക്കു വഴങ്ങുമായിരുന്നോ എന്ന ചോദ്യം ബാക്കി. യുദ്ധത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ, പൈലറ്റിനെ സുരക്ഷിതനായി തിരിച്ചെത്തിക്കാൻ ട്രംപിനുമേൽ സമ്മർദമേറിയേനേ. അത് അവഗണിച്ച് മുന്നോ‌ട്ടു പോകുക ട്രംപിന് എളുപ്പമാവില്ലായിരുന്നു.

∙ വീണത് കരുത്തൻ പരുന്ത്

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനം ഇറാൻ വെടിവെച്ചിട്ടത്. 23 വർഷത്തിനിടെ ആദ്യമായാണ് യുഎസ് വിമാനത്തെ ശത്രുരാജ്യം വെടിവച്ചിടുന്നത്. പൈലറ്റും വെപ്പൺ സിസ്റ്റം ഓഫിസറുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദക്ഷിണ ഇറാനിലാണ് വിമാനം വീണത്. അതു തകരുംമുൻപ് അവർ ഇജക്ട് ചെയ്ത് (പോർവിമാനങ്ങൾ തകരുന്ന സാഹചര്യത്തിൽ പൈലറ്റ് സീറ്റ് സഹിതം പുറത്തേക്കു തെറിച്ചു രക്ഷപ്പെടുന്ന രീതി) രക്ഷപ്പെട്ടു. അവർ രണ്ടിടത്തായാണ് ലാൻഡ് ചെയ്തത്. വെപ്പൺ സിസ്റ്റം ഓഫിസറെ അന്നുതന്നെ യുഎസ് സൈന്യം രക്ഷിച്ചു. പൈലറ്റ് ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങി. തകർന്ന വിമാനത്തിൽനിന്നു രക്ഷപ്പെട്ടപ്പോൾ മുതൽ രണ്ടു വൈമാനികരും യുഎസ് സൈന്യവുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു അത് യുഎസിന് രക്ഷാദൗത്യം എളുപ്പമാക്കി.

∙ ജീവനോ‌ടെ പിടിക്കാൻ ഇറാൻ

എഫ്-15 തകർന്നു എന്നതു സ്ഥിരീകരിച്ചപ്പോൾത്തന്നെ വൈമാനികർക്കായി ഇറാൻ റവല്യൂഷനറി ഗാർഡും മറ്റു സൈനിക വിഭാഗങ്ങളും തിരച്ചിൽ തുടങ്ങിയിരുന്നു. അതിനായി നാട്ടുകാരുടെ സഹായവും തേടി. പൈലറ്റുമാരെ ജീവനോടെ പിടിക്കാൻ സഹായിക്കുന്നവർക്ക് ഏകദേശം 66,000 ഡോളർ പ്രതിഫലം നൽകുമെന്നും അറിയിച്ചു. പൈലറ്റ് ജീവനോടെ പിടിയിലായാൽ അതു വലിയ നേട്ടമാകുമെന്നും യുഎസുമായി വിലപേശാനുള്ള കരു ആകുമെന്നും ഇറാന് അറിയാമായിരുന്നു. യുഎസ് എന്തുവില കൊടുത്തും പൈലറ്റിനെ തങ്ങളുടെ ഭൂപ്രദേശത്തുനിന്നു രക്ഷിച്ചെടുക്കാൻ ശ്രമിക്കുമെന്ന് അറിയാമായിരുന്നതിനാൽ എത്രയും വേഗം അയാളെ പിടികൂടുക എന്നതായിരുന്നു ഇറാൻ സൈന്യത്തിന്റെ ലക്ഷ്യം.

∙ അരയും തലയും മുറുക്കി യുഎസ്

വിമാനത്തിൽനിന്ന് ഇജക്ട് ചെയ്ത് ലാൻഡ് ചെയ്ത പൈലറ്റ് യുഎസ് സൈന്യവുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. സൈനികർ ഉപയോഗിക്കാറുള്ള സർവൈവൽ കെക്നിക്കുകൾ ഉപയോഗിച്ച് അയാൾ ശത്രുഭൂമിയിൽ പിടികൊടുക്കാതെ പിടിച്ചുനിന്നത് 24 മണിക്കൂറിലേറെയാണ്. പരുക്കുകളുമായി പൈലറ്റ് സമീപത്തെ മലമ്പ്രദേശത്ത് ഒളിച്ചിരുന്നുവെന്നാണ് വിവരം. അതേസമയം യുഎസ് സൈന്യം അയാളെ ട്രാക്ക് ചെയ്തു കണ്ടെത്തിയിരുന്നു. എച്ച്എച്ച്–60 ഡബ്ല്യു ഹെലികോപ്റ്ററുകൾ, എ-10 വാർതോഗ് വിമാനങ്ങൾ, എഫ്-35 സ്റ്റെൽത്ത് ജെറ്റുകൾ, മറീനുകൾ തുടങ്ങി വൻ സന്നാഹമാണ് പൈലറ്റിനെ രക്ഷിക്കാൻ യുഎസ് ഒരുക്കിയത്.

∙ പൈലറ്റിനെ കണ്ടെത്തിയത് സിഐഎ തന്ത്രം

പൈലറ്റിനെ കണ്ടെത്തുന്നതിന് മുൻപ് ഇറാനെ തെറ്റിദ്ധരിപ്പിക്കാനായി സിഐഎ ഒരു തന്ത്രം പ്രയോഗിച്ചതായി മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. യുഎസ് സൈന്യം പൈലറ്റിനെ കണ്ടെത്തിയെന്നും കരമാർഗം പുറത്തെത്തിക്കാൻ ശ്രമിക്കുകയാണെന്നും ഇറാനിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ചു. ഈ സമയം പൈലറ്റ് മലനിരകളിൽ ശത്രുക്കളിൽനിന്ന് ഒളിച്ച് കഴിയുകയായിരുന്നു. സിഐഎ അയാളു‌ടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തി നൽകിയതോടെ രക്ഷാദൗത്യം തുടങ്ങി. കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ താനും പ്രതിരോധ സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും 24 മണിക്കൂറും പൈലറ്റിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നെന്നു ട്രംപ് പറഞ്ഞു.

സ്പെഷൽ ഓപ്പറേഷൻ വിഭാഗത്തിലെ നൂറുകണക്കിന് സൈനികർ ഇറാന്റെ മണ്ണിൽ നുഴഞ്ഞുകയറിയാണ് ദൗത്യം നടത്തിയതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. റവല്യൂഷനറി ഗാർഡ് കോറുമായി കനത്ത ഏറ്റുമുട്ടലുമുണ്ടായി. യുഎസിന്റെ പോർവിമാനവ്യൂഹം സൈനികർക്കു പിന്തുണ നൽകി. പൈലറ്റ് ഒളിച്ചിരുന്ന സ്ഥലത്തിനു ചുറ്റുമുള്ള ഇറാന്റെ വാഹനവ്യൂഹങ്ങൾക്ക് നേരെ യുഎസ് വിമാനങ്ങൾ കനത്ത ആക്രമണം നടത്തി. അതിനിടയിൽ പ്രത്യേക സൈനികസംഘം പൈലറ്റിനെ രക്ഷിച്ച് മടങ്ങി.

ഒരൊറ്റ യുഎസ് സൈനികൻ പോലും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യാതെ ദൗത്യം പൂർത്തിയാക്കിയത് അമേരിക്കയ്ക്ക് ആശ്വാസവും അഭിമാനവുമായി. പൈലറ്റിനെ രക്ഷപ്പെടുത്തിയതിനെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, രക്ഷാപ്രവർത്തനത്തിനായി എത്തിയ ഒരു യുഎസ് വിമാനം ഇസഫാനിൽ വെടിവെച്ചിട്ടതായി ഇറാന്റെ റവല്യൂഷനറി ഗാർഡ് അവകാശപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!