‘യു.ഡി.എഫ് ഭരിച്ചിരുന്നെങ്കില്‍ സഞ്ജു സിക്സടിക്കുന്നത് കാണാന്‍ പറ്റുമായിരുന്നോ?’; ട്രോളി എ.എന്‍ ഷംസീര്‍
യു.ഡി.എഫ് ഭരണകാലത്തെ വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. യു.ഡി.എഫ് ഭരണമാണെങ്കില്‍ ലോകകപ്പില്‍ സഞ്ജു സാംസണ് സിക്സടിക്കുന്നത് കാണാന്‍ പറ്റുമായിരുന്നോ എന്നാണ് ഷംസീര്‍ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ചോദിച്ചത്. നമ്മളല്ല ഭരിക്കുന്നതെങ്കില്‍ സീരിയലുകള്‍ കാണാന്‍ പറ്റുമായിരുന്നോ എന്നും ഷംസീര്‍ ചോദിക്കുന്നുണ്ട്.
”പവര്‍കട്ടുണ്ടോ, ലോഡ് ഷെഡിങുണ്ടോ? എല്ലാവര്ക്കും കുടുബശ്രീ ശാരദ കാണാന്‍ പറ്റുന്നില്ലേ, കുടുംബവിളിക്ക് കാണാന്‍ പറ്റുന്നില്ലേ. നമ്മളല്ല, മറിച്ച് യു.ഡി.എഫാണ് ഭരിക്കുന്നതെങ്കില്‍ ഈ സീരിയല്‍ കാണാന്‍ പറ്റുമോ”, എന്നാണ് ഷംസീര്‍ വേദിയിലുള്ളവരോട് ചോദിച്ചത്. സഞ്ജുവിന്റെ ലോകകപ്പിലെ പ്രകടനവും ഇന്ത്യ ലോകകപ്പ് നേടുന്നതും കാണാന്‍ സാധിച്ചത് എല്‍ഡിഎഫ് ഭരിച്ചതുകൊണ്ടാണെന്നും ഷംസീര്‍ പറഞ്ഞു.
”ട്വന്റി 20 ലോകകപ്പില്‍ അവസാന മൂന്നു മത്സരങ്ങളും പെര്‍ഫോം ചെയ്തത് സഞ്ജുവാണ്. യുഡിഫ് ഭരിക്കുമ്പോഴാണെങ്കില്‍ സഞ്ജു സിക്സടിക്കുന്നത് കാണാന്‍ പറ്റുമോ? സിക്സടിക്കുമ്പോള്‍ കറന്റ് പോകും. കറന്റ് വരുമ്പോഴേക്കും കളി തീരും. യു.ഡി.എഫ് ഭരിക്കുന്നതെങ്കില്‍ സൂര്യകുമാര്‍ കപ്പ് വാങ്ങുന്നത് കാണാന്‍ പറ്റില്ല. കപ്പ് വാങ്ങാന്‍ പോകുമ്പോള്‍ കറന്റ് പോകും. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കപ്പ് വാങ്ങുന്നത് കാണാന്‍ പറ്റി, യുഡിഎഫിന്റെ കാലത്ത് രാത്രി കറന്റില്ല, എല്ലാ കളിയും രാത്രിയാണ്, ഇപ്പോള്‍ ഐ.പി.എല്‍ കാണാന്‍ പറ്റുന്നില്ലേ” എന്നിങ്ങനെയാണ് ഷംസീറിന്റെ പ്രസംഗം.
യുഡിഎഫിന്റെ പ്രധാന പരിപാടി ജനങ്ങളെ പറ്റിക്കലാണെന്നും നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകി വോട്ട് തട്ടാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പി എം ശ്രീ പദ്ധതിയിലെ ഇരട്ടത്താപ്പ് കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് പുലർത്തുന്ന നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയും പദ്ധതിയിൽ ഒപ്പിട്ടിട്ടുണ്ട്. “നിങ്ങൾ ഒപ്പിട്ടാൽ ഹലാലും നമ്മൾ ചെയ്താൽ ഹറാമും” എന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം പരിഹസിച്ചു.
