ഇൻഷുറൻസ് തുകയ്ക്കായി ഭാര്യയെയും മക്കളെയും കൊന്നു; അരീക്കോട് കൂട്ടക്കൊലയില്‍ പ്രതി പിടിയിൽ
മഞ്ചേരി : നാടിനെ നടുക്കിയ അരീക്കോട് കൂട്ടക്കൊലക്കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിലായി. വാവൂർ കൂടാംതൊടി മുഹമ്മദ് ഷരീഫിനെയാണ് വെള്ളിയാഴ്ച പകൽ മൂന്നരയോടെ കർണാടകയിലെ പരപ്പ അഗ്രഹാരത്തിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെയും രണ്ട് മക്കളെയും വെള്ളക്കെട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ പരപ്പ അഗ്രഹാരത്തിൽ ഇയാൾ താമസിക്കുന്നതായി കണ്ടെത്തിയ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അതിസാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
2015ൽ കേസിൽ സാക്ഷി വിസ്താരം നടക്കുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളവട്ടൂർ മായങ്കരതടത്തിൽ സാബിറ (21), മക്കളായ ഫാത്തിമ ഫിദ (4), ഹൈഫ (രണ്ട്) എന്നിവരെ വെള്ളക്കെട്ടിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലാണ് ഷരീഫ് അറസ്റ്റിലായയത്. 2013 ജൂലൈയിലാണ് സംഭവം. പെരുന്നാളിന് വസ്ത്രങ്ങളെടുത്ത ശേഷം കുടുംബവുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ടയർ പഞ്ചറായാണ് അപകടമുണ്ടായതെന്നാണ് ഷരീഫ് പറഞ്ഞിരുന്നത്. മരിച്ച രണ്ട് വയസ്സുകാരിയുടെ ഹൈഫയുടെ മൃതദേഹവുമായി സമീപത്തെ വീട്ടിലെത്തി ഇയാൾ തന്നെയാണ് സംഭവം പുറത്തറിയിച്ചത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ കൂട്ടക്കൊലയാണെന്ന് വ്യക്തമായി.
ഭാര്യയുടെ പേരിൽ എടുത്ത പത്തു ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കി പുതിയ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തി. കുറ്റകൃത്യം നടന്ന് 76-ാം ദിവസം അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ പ്രതിക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾക്കാനായി പ്രതി ഹാജരായിരുന്നു. 2014 ഏപ്രിൽ 22നാണ് പ്രതി ഒളിവിൽ പോയത്. സാബിറയുടെ കുടുംബം നീതി തേടി മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു.
