ആറളത്ത് ഏറുമാടങ്ങൾ കെട്ടിയും ക്യാമറ സ്ഥാപിച്ചും കാട്ടാന നിരീക്ഷണം

Share our post

ഇരിട്ടി : ആറളം ഫാമിലും പുനരധിവാസമേഖലകളിലും തമ്പടിക്കുന്ന കാട്ടാനകളെ തുരത്തുന്നതിന് ഏറുമാടങ്ങൾ കെട്ടിയും ക്യാമറ സ്ഥാപിച്ചും വനംവകുപ്പ് നിരീക്ഷണം നടത്തും. തുരത്തൽ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് വനംവകുപ്പ് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഫാമിന്റെ ഏക്കർകണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുകയാണ്. പുനരധിവാസമേഖലയിൽ പതിച്ചുനല്കിയ ഭൂമിയും ആൾതാമസമില്ലാതെ വനത്തിന് സമാനമായസ്ഥിതിയിലാണ്.

ഫാമിൽനിന്ന്‌ പുനരധിവാസമേഖല വഴി വനത്തിലേക്ക് തുരത്തുന്ന ആനകൾ ഇത്തരം പൊന്തക്കാടുകളിലേക്ക് കയറും. ഇത്തരം കാടുകളിലേക്ക് കയറി തുരത്തുന്നത് അപകടകരവുമാണ്. ഇത്തരം മേഖലകളിൽ വലിയ മരങ്ങളിൽ ഏറുമാടങ്ങൾ കെട്ടിയും ക്യാമറ സ്ഥാപിച്ചും ആനയെ കണ്ടെത്തുകയാണ് ശ്രമം. ഇത്തരം പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ആറളം ഫാമിൽനിന്ന്‌ കാട്ടാനകളെ പൂർണമായും വനത്തിലേക്ക് തുരത്താനുള്ള ഓപ്പറേഷൻ ഗജമുക്തിയുടെ രണ്ടാംഘട്ടം ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. വനം കണ്ണൂർ, കൊട്ടിയൂർ ഡിവഷനുകളിലെ മുഴുവൻ ജീവനക്കാരെയും ഉൾപ്പെടുത്തിയായിരിക്കും ഓപ്പറേഷൻ. നിലവിൽ ഫാമിൽനിന്ന്‌ ആനകളെ കാട്ടിലേക്ക് തുരത്തുന്നത് വനംവകുപ്പിന് വലിയ വെല്ലുവിളിയാണ്.

പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദമായ റിപ്പോർട്ട് കൊട്ടിയൂർ റെയ്‌ഞ്ചർ ടി. നിധിൻരാജിന്റെ നേതൃത്വത്തിൽ പൂർത്തിയായിവരികയാണ്. ഗജമുക്തിയിൽ വീണ്ടുമൊരു പിഴവ് സംഭവിക്കാതിരിക്കാനായിരുന്നു കഴിഞ്ഞദിവസം ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ തുരത്തൽ നടത്തിയതെന്നും കൊട്ടിയൂർ റെയ്‌ഞ്ചർ പറഞ്ഞു.

ഫാമിനുള്ളിൽ 20-ലധികം ആനകൾ

ഫാമിന്റെ കൃഷിയിടത്തിൽ 20-ലധികം ആനകളെങ്കിലും ഉണ്ടെന്നാണ് ഫാം തൊഴിലാളികൾ പറയുന്നത്. ജീവനക്കാരും തൊഴിലാളികളും ഭീതിയോടെയാണ് തൊഴിലെടുക്കുന്നത്. ഫാമിൽ പത്തിലധികം ആനകളുണ്ടെന്ന് വനംവകുപ്പും സ്ഥിരീകരിക്കുന്നുണ്ട്. ഗജമുക്തി രണ്ടാംഘട്ടം ആരംഭിക്കുന്നതിനുമുൻപ് വനാതിർത്തിയിൽ വേലികൾ മുഴുവൻ ശക്തിപ്പെടുത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!