രാജ്യത്തുനിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും സ്മാർട്ട് വാച്ച് നൽകും – കേന്ദ്ര ഹജ്ജ് കമ്മിറ്റി
കൊണ്ടോട്ടി: രാജ്യത്തുനിന്നുള്ള മുഴുവൻ ഹജ്ജ് തീർഥാടകർക്കും സ്മാർട്ട് വാച്ച് നൽകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. തീർഥാടനവേളയിൽ സൗദിയിൽ സഹായത്തിനായാണിത്. സൗദിയിൽ മാത്രം പ്രവർത്തിക്കുന്ന വാച്ചും ചാർജറും യാത്രയ്ക്കു മുൻപ് ഹജ്ജ് ക്യാമ്പിൽ വിതരണം ചെയ്യും. സൗദിയിൽ എത്തിയാലുടൻ റീചാർജ് ചെയ്ത് ഉപയോഗിക്കാം.
അടിയന്തരഘട്ടങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന ഒട്ടേറെ സൗകര്യങ്ങൾ സ്മാർട്ട് വാച്ചിലുണ്ട്. ലൊക്കേഷൻ സൗകര്യമാണ് ഇതിൽ ഏറ്റവും പ്രധാനം. ഏതെങ്കിലും തീർഥാടകർക്ക് വഴി തെറ്റുകയോ കൂട്ടം തെറ്റിപ്പോകുകയോ ചെയ്താൽ ലൊക്കേഷൻ ഫീച്ചർ ഉപയോഗപ്പെടുത്തി ഉടനെ കണ്ടെത്താനാകും.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഘട്ടത്തിലും വാച്ചിലൂടെ സഹായം അഭ്യർഥിക്കാനാകും.നമസ്‌കാര സമയങ്ങൾ കൃത്യമായി ഓർമ്മപ്പെടുത്തുന്നതിനും ഹജ്ജ് സംബന്ധിച്ച നിർദേശങ്ങൾ കൈമാറുന്നതിനുമെല്ലാം സ്മാർട്ട് വാച്ച് ഉപകരിക്കും. നേരത്തെ, തീർഥാടകരെ തിരിച്ചറിയുന്നതിന് ലോഹവളയും പിന്നീട് ക്യു.ആർ. കോഡ് സഹിതമുള്ള ടാഗുകളും വിതരണം ചെയ്തിരുന്നു.
തീർഥാടകർക്ക് സഹായത്തിനായി ഹജ്ജ് സുവിധ ആപ്പുമുണ്ട്. എല്ലാ തീർഥാടകരോടും ഹജ്ജ് സുവിധ ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹജ്ജിന്റെ മുഴുവൻ വിശദാംശങ്ങളും ആപ്പിലൂടെ ലഭിക്കും.
പണമടയ്ക്കൽ, യാത്രാ തീയതി, താമസം തുടങ്ങി അതത് സമയങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ വരെ ആപ്പിലൂടെ അറിയാനാകും.ഹജ്ജ് നടപടിക്രമങ്ങൾ സ്മാർട്ടാക്കുന്നതിന്റെ നേട്ടം തീർഥാടകർക്കും ലഭിക്കുന്നുണ്ട്. ഈ വർഷം ഹജ്ജ് യാത്രാ തീയതിയും വിമാനവും തിരഞ്ഞെടുക്കാൻ തീർഥാടകർക്ക് അവസരം നൽകിയിരുന്നു. 35 ശതമാനത്തോളം പേരാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്.
