ശബരിമല സ്വർണക്കൊള്ള സിബിഐ അന്വേഷിക്കും, നിർണായക പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്
പറവൂർ: ശബരിമല സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് പ്രഖ്യാപനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എറണാകുളം ജില്ലയിലെ പറവൂരിലെ എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി നിർണായകമായ പ്രഖ്യാപനം നടത്തിയത്.
യേശുവിനെ 30 വെള്ളികാശിന് വേണ്ടി ഒറ്റിക്കൊടുത്ത യൂദാസിനെപ്പോലെ അയ്യപ്പനെ മറയാക്കി സ്വർണം കട്ടെടുത്ത ഒരു സർക്കാരുണ്ട് ഇവിടെ എന്നും രാജ്നാഥ് സിംഗ് വിമർശിച്ചു. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ളാമിയുടെയും കൈയിൽ നിന്ന് കേരളത്തെ ആരാണ് രക്ഷിക്കുക? അതിന് ബിജെപി മാത്രമേയുള്ളൂ. എൽഡിഎഫും യുഡിഎഫും ഈ സംഘടനകളുമായി സഹവസിക്കുന്നവരാണ് എന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. മാറ്റത്തിന്റെ തുടക്കം തൃശൂരുണ്ടായി അതിന്റെ തുടർച്ചയ്‌ക്കുള്ള അവസരമിതാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നിട്ടും ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഒന്നും പറയാത്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതിനിടെയാണ് ബിജെപി പ്രകടനപത്രികയിൽ ശബരിമല സ്വർണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രേഖപ്പെടുത്തിയത്. ഇക്കാര്യം ഇന്ന് കേന്ദ്രമന്ത്രി കൂടി സ്ഥിരീകരിച്ചതോടെ വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് രംഗത്ത് വീണ്ടും ശബരിമല വിഷയം ശക്തമാകാൻ സാദ്ധ്യത ഉയർന്നു.
