പ്രിയപ്പെട്ട ആനവണ്ടി; സ്നേഹ സഞ്ചാരത്തിൻ്റെ 61 വർഷങ്ങൾ
കേരളത്തിന്റെ ഗ്രാമവീഥികളിലൂടെ ഓടിമറയുന്ന ആനവണ്ടി വെറുമൊരു വാഹനമല്ല, മറിച്ച് ഓരോ മലയാളിയുടെയും വികാരമാണ്. പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കരുതലിന്റെയും 61 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, കെഎസ്ആർടിസി ഇന്ന് കേരളത്തിന്റെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. 1965 ഏപ്രിൽ ഒന്നിനാണ് കെഎസ്ആർടിസി ഒരി സ്വതന്ത്ര കോർപറേഷനായി മാറുന്നത്. ആറ് പതിറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന ഈ യാത്ര, അചഞ്ചലമായ പ്രതിബദ്ധതയുടെയും സേവനത്തിന്റെയും പ്രതീകം കൂടിയാണ്.
പ്രതിസന്ധികളുടെ ‘കട്ടപ്പുറത്തുനിന്ന്’ പുരോഗതിയുടെ ടോപ് ഗിയറിലേക്കുള്ള കുതിപ്പിലാണ് ഇന്ന് കെഎസ്ആർടിസി. കഴിഞ്ഞ കുറച്ചുകാലമായി വൈവിധ്യവൽക്കരണത്തിലൂടെ വരുമാനത്തിൽ രണ്ടരക്കോടി രൂപയുടെയും, യാത്രക്കാരുടെ എണ്ണത്തിൽ നാലു ലക്ഷത്തിന്റെയും വർധനവ് കൈവരിക്കാൻ ആനവണ്ടിക്ക് കഴിഞ്ഞു. ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ട് ശമ്പളം കൃത്യമായി ഒന്നാം തീയതി തന്നെ വിതരണം ചെയ്യാനും മികച്ച ഇൻഷുറൻസ് പദ്ധതികളും ഡി എ ആനുകൂല്യങ്ങളും നടപ്പിലാക്കാനും സാധിച്ചത് വലിയൊരു നേട്ടമാണ്.
മാറ്റത്തിന്റെ പാതയിൽ ഗ്രാമവണ്ടി മുതൽ ബജറ്റ് ടൂറിസം വരെ നീളുന്ന നൂതന പദ്ധതികൾ ജനശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. യാത്രക്കാർക്കായി എ സി വിശ്രമമുറികൾ, ഗുണനിലവാരമുള്ള ഹോട്ടലുകൾ, കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം എന്നിവയും ഒരുക്കിയിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അർബുദ രോഗികൾക്കും അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്കും സൗജന്യയാത്ര ഉറപ്പാക്കുന്നതിലൂടെ കെഎസ്ആർടിസി വീണ്ടും പ്രിയപ്പെട്ടതാകുന്നു.
മലയാളികളുടെ ഓരോ യാത്രയ്ക്കും നിറം പകർന്ന, ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിച്ച ആനവണ്ടി ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. കൂടുതൽ സ്നേഹത്തോടെയും കരുതലോടെയും പ്രിയപ്പെട്ടവരുടെ കൂടെ എന്നും കെഎസ്ആർടിസിയുണ്ടാകുമെന്ന് പ്രത്യാശിക്കാം.
