ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി അമരാവതി; ബില്ല് ലോക്സഭ പാസാക്കി
ന്യൂഡൽഹി: ആന്ധ്രാപ്രദേശിന്റെ സ്ഥിരം തലസ്ഥാനമായി അമരാവതിയെ പ്രഖ്യാപിക്കുന്നതിനുള്ള സുപ്രധാന ബില്ല് ലോക്സഭ പാസാക്കി. കോൺഗ്രസ്, ബിജെപി, ടിഡിപി എന്നീ പാർട്ടികളുടെ പിന്തുണയോടെ ശബ്ദവോട്ടോടെയാണ് 2026-ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന (ഭേദഗതി) ബില്ല് സഭ അംഗീകരിച്ചത്. അമരാവതിയെ തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 28-ന് ആന്ധ്ര നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ അതിവേഗ നടപടി.
ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗം മാണിക്കം ടാഗോർ ബില്ലിനെ സ്വാഗതം ചെയ്തു. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് എന്നിവയെപ്പോലെ അമരാവതിയും ഒരു മെട്രോ സിറ്റിയായി വികസിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ടിഡിപി അംഗവും കേന്ദ്രമന്ത്രിയുമായ ചന്ദ്രശേഖർ പെമ്മസാനിയും ബില്ലിന് പിന്തുണ തേടി.
അതേസമയം, പ്രധാന പ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ബില്ലിനെ ശക്തമായി എതിർത്തു. തലസ്ഥാന നിർമാണത്തിനായി ഭൂമി വിട്ടുനൽകിയ കർഷകർക്ക് അർഹമായ നഷ്ടപരിഹാരമോ പ്ലോട്ടുകളോ നൽകുന്നതിനെക്കുറിച്ച് ബില്ലിൽ വ്യക്തതയില്ലെന്ന് പി.വി. മിഥുൻ റെഡ്ഡി കുറ്റപ്പെടുത്തി. കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാത്ത ബില്ല് പാസാക്കുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് അധികാരത്തിലിരുന്ന വൈഎസ്ആർ സർക്കാർ മുന്നോട്ടുവെച്ച ‘മൂന്ന് തലസ്ഥാനങ്ങൾ’ (വിശാഖപട്ടണം – ഭരണനിർവഹണം, കർണൂൽ – ജുഡീഷ്യൽ, അമരാവതി – നിയമനിർമാണം) എന്ന പദ്ധതി ഇതോടെ പൂർണമായും തള്ളപ്പെട്ടു. അമരാവതി തന്നെ ഏക തലസ്ഥാനമായി തുടരണമെന്ന ടിഡിപിയുടെ നിലപാടിനാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.
