‘സുധാകരേട്ടൻ എന്നെ അനുഗ്രഹിക്കണം’; കാണാൻ ടി.കെ ഗോവിന്ദൻ ഉൾപ്പെടെയെത്തി; ലാൽവിഹാറിൽ തിരക്കോടുതിരക്ക്

Share our post

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാണക്കാട്ട് എത്തുക എന്നത് യു.ഡി.എഫിലെ ഒരു പതിവുരീതിയാണ്. കോൺഗ്രസുകാരും ലീഗുകാരുമൊക്കെ മലപ്പുറത്തെ കൊടപ്പനക്കൽ തറവാട്ടിലെത്തും. പാണക്കാട് തങ്ങളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങാൻ. ഒപ്പം, ഒരു വാർത്തയും ഫോട്ടോയും പത്രത്തിൽ വരുത്തിക്കും. പാണക്കാട് തങ്ങളെ കണ്ട് ആശിർവാദം വാങ്ങിയാണ് വരുന്നതെന്ന് നാട്ടുകാരും അറിയണമല്ലോ. വോട്ടർമാരോട് ചില കാര്യങ്ങൾ പറയാതെ പറയാം എന്നതാണ് മെച്ചം.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. പൂക്കോയ തങ്ങളുടെ കാലം മുതൽ കണ്ടുവരുന്നതാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് അത് വേറിട്ടൊരു തലത്തിലെത്തി. സമൂഹത്തിൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്വീകാര്യത വളരെ വലുതായിരുന്നു. പിന്നീട്, ഹൈദരലി തങ്ങൾ ആയിരുന്നപ്പോഴും ഇപ്പോൾ സാദിഖലിയുടെ കാലത്തും ചടങ്ങ് മാറ്റമില്ലാതെ തുടരുന്നു.

അനുഗ്രഹം തേടി ബിഷപ്പുമാരെ കാണാൻ പോകുന്ന പതിവും സംസ്ഥാനത്ത് പലയിടത്തുമുണ്ട്. ജയം ആണല്ലോ എല്ലാവരുടെയും ലക്ഷ്യം. അതിൽനിന്നെല്ലാം വേറിട്ടൊരു കാഴ്ചയാണ് ഇപ്പോൾ കണ്ണൂരിൽ കാണുന്നത്. സ്ഥാനാർഥികൾ ഓടിപ്പിടിച്ച് നടാലിൽ എത്തുന്നു. കോൺഗ്രസ് നേതാവ് കെ. സുധാകരനെ വീട്ടിൽച്ചെന്ന് കാണാൻ. എം.പി.യുടെ ലാൽവിഹാർ എന്ന വീട്ടിൽ അതുകൊണ്ടുതന്നെ പതിവിൽ കവിഞ്ഞ തിരക്കായിരുന്നു.

ഡൽഹിയിൽനിന്ന് സീറ്റില്ലാതെ തിരിച്ചെത്തിയ സുധാകരനെ കാണാൻ ആദ്യം എത്തിയത് കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർഥി ടി.ഒ. മോഹനനാണ്. പിറകെ തളിപ്പറമ്പിലെ സി.പി.എം. വിമതൻ ടി.കെ. ഗോവിന്ദൻ, അഴീക്കോട്ടെ ലീഗ് സ്ഥാനാർഥി അബ്ദുൾകരീം ചേലേരി, മട്ടന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരി, ധർമടത്തെ കോൺഗ്രസ് സ്ഥാനാർഥി വി.പി. അബ്ദുൾറഷീദ്…രാഷ്ട്രീയ ചർച്ചകൾക്കായി സുധാകരന്റെ വീട്ടിൽ പതിറ്റാണ്ടുകളായി നേതാക്കൾ എത്താറുണ്ട്. പല ജനകീയപ്രശ്നങ്ങളുമായി ധാരാളം പ്രവർത്തകരും ദിവസവും ലാൽവിഹാറിൽ രാവിലെ മുതൽ എത്താറുണ്ട്. പക്ഷേ, ഇത്തവണ അനുഗ്രഹം വാങ്ങാൻ എത്തുന്നവരെ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത. സുധാകരന്റെ അനുഗ്രഹം വാങ്ങാൻ മുട്ടിനിൽക്കുകയാണ് സ്ഥാനാർഥികൾ. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ വി.പി. അബ്ദുൾറഷീദിന് പറഞ്ഞറിയാക്കാനാവാത്ത സന്തോഷം. സുധാകരൻ വാരിപ്പുണർന്നു. തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. മുഖ്യമന്ത്രിയെ തോൽപ്പിച്ചു വാ മക്കളേ.. എന്ന മട്ടിൽ.

ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം മടങ്ങിയ സുധാകരനെ കാണാൻ എന്താണ് എല്ലാവർക്കും ഇത്ര പ്രത്യേക ആവേശം. ഏവർക്കും കെ. സുധാകന്റെ അനുഗ്രഹവും പിന്തുണയും വേണം. സുധാകരൻ ഷാൾ അണിയിക്കണം. അതിന്റെ ചിത്രം അച്ചടിച്ച് വരണം. കണ്ണൂരിൽ സി.പി.എമ്മിനെ നേർക്കുനേർ നിന്ന് നേരിട്ടയാളാണ് സുധാകരൻ. അവഗണിക്കാനാവാത്ത ശക്തിയാണ് കെ.എസ്. എന്ന് എല്ലാവർക്കുമറിയാം.

അങ്ങനെയുള്ള സുധാകരന് ഒരു പരിഭവവും ഉണ്ടാകരുത് എന്ന ചിന്ത മത്സരിക്കുന്ന എല്ലാവർക്കുമുണ്ട്. ഇതോടൊപ്പം നടാലിലെ വീട്ടിൽ ചെല്ലുന്നവരെല്ലാം ഒരു കാര്യം ഉറപ്പിച്ചുപറയുന്നുണ്ട്. ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ സുധാകരൻ തീർത്തും വ്യത്യസ്തനാണെന്ന്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!